കോവിഡ് മരണ നിരക്ക്: യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെക്കുന്നുവെന്ന ആരോപണം തള്ളി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണ നിരക്ക് മറച്ചുവെക്കുന്നുവെന്ന ആരോപണം തള്ളി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കൃത്യം കണക്കുകളാണ് എല്ലാ പഞ്ചായത്തുകളിലും രജിസ്റ്റര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
ഓക്സിജന്‍ ക്ഷാമം മൂലം കേരളത്തില്‍ മരണം സംഭവിക്കാതിരിക്കാന്‍ കഠിനാധ്വാനം ചെയ്യുകയാണ്. ഐ.സി.യു കിടക്കകള്‍ നിറഞ്ഞുവരുന്ന അവസ്ഥയുണ്ട്. ഇത് മറികടക്കാന്‍ കൂടുതല്‍ ഐ.സി.യു കിടക്കകള്‍ പുതുതായി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ല. എന്നാല്‍ ചില ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമാണെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് കുറക്കാനാകുന്നത് കൃത്യമായ പരിചരണം കൊണ്ടാണെന്ന് മന്ത്രി ചൂണ്ടികാട്ടി.
കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഓക്സിജന്‍ മുഴുവനായി ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് സാധിക്കണം. കേന്ദ്ര ക്വോട്ട കൂടി കിട്ടിയാല്‍ ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരമാകും. കാസര്‍കോട്ടെ ഓക്സിജന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായിട്ടുണ്ട്. എന്നാല്‍ ഓക്സിജന്‍ കൊണ്ടുപോകാനുള്ള ട്രക്കുകളുടെ കുറവ് സംസ്ഥാനത്തുണ്ട്. കേന്ദ്രത്തോട് ട്രക്കുകളും വേണമെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.