ഇറക്കുമതി നേരിട്ടായാല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍
കോവിഡ് കുത്തിവെപ്പ് മുംബൈയില്‍ പൂര്‍ത്തിയാക്കാമെന്ന് ആദിത്യ താക്കറെ
മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ പൂര്‍ണ്ണമായും വാക്സിനേറ്റ് ചെയ്യാനുള്ള പദ്ധതി തയ്യാറാക്കിയതായി മന്ത്രി ആദിത്യ താക്കറെ. വിദേശത്തുനിന്ന് വാസിന് നേരിട്ട് ഇറക്കുമതി ചെയ്യാന്‍ മഹാരാഷ്ട്രയ്ക്ക് കഴിഞ്ഞാല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ നഗരത്തിലെ മുഴുവന്‍ പൗരന്മാര്ക്കും വാക്സിന് നല്‍കാം. അതിനുള്ള ചെലവ് ഒരു വിഷയമല്ലെന്നും എത്രയും നേരത്തെയുള്ള വാക്സിന് ലഭ്യതയാണ് പ്രധാനമമെന്നും ആദിത്യ താക്കറെ പറഞ്ഞു. ഒരുചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
മറ്റു സംസ്ഥാനങ്ങളെ പോലെ തന്നെ വാക്സിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് മഹാരാഷ്ട്രയുമെന്ന് താക്കറെ പറയുന്നു. വാക്സിനെ കുറിച്ചുള്ള അനിശ്ചിതത്വം മാറി രണ്ട് ഡോസുകളും സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ജനങ്ങള്‍. കോവിഡിനു മുന്‍പുള്ള ജീവിതത്തിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് അവര്‍. അത് നിര്‍ണായകമാണെന്ന് താന്‍ കരുതുന്നു-ആദിത്യ പറയുന്നു.
മുംബൈയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞുവരികയാണ്. ഏപ്രില്‍ 14ന് 11,000ല്‍ ഏറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 1,794 കേസുകളാണ്. എല്ലാ ഇന്ത്യക്കാര്‍ക്കും വാക്സിന് ലഭ്യമാകുന്നതുവരെ എല്ലാവരും സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു. വാക്സിന് ബുക്കിംഗിനായി കോവിന്‍ ആപ് പര്യാപ്തമല്ലെന്നും മറ്റൊരു ആപ് വേണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, പ്രതിദിന കേസുകളിലും മരണത്തിലും മഹാരാഷ്ട്രയെ പിന്നിലാക്കി കര്‍ണാടക ഒന്നാമതെത്തി. രാജ്യത്ത് ആഞ്ഞടിക്കുന്ന കോവിഡ് രണ്ടാം തരംഗത്തില്‍ ഫെബ്രുവരി പകുതിക്ക് ശേഷം ആദ്യമായാണ് മഹാരാഷ്ട്ര പിന്നിലാകുന്നത്. കര്‍ണാടകയില്‍ തിങ്കളാഴ്ച 39,305 പുതിയ രോഗികളും 596 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ ഇന്നലെ 37,236 കേസുകളും 549 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ പ്രതിദിന കേസുകള്‍ ഇന്നലെ രണ്ടാഴ്ചത്തെ കുറഞ്ഞ നിരക്കിലെത്തി.
അതേസമയം, കഴിഞ്ഞ മാസം മാര്‍ച്ച് മുതല്‍ കോവിഡ് മഹാമാരിയില്‍ റെയില്‍വേയ്ക്ക് ഇതുവരെ 1,952 ജീവനക്കാരെ. ഇവരില്‍ 113 പേര് സ്റ്റേഷന് മാസ്റ്റര്‍മാരാണ്. ശരാശരി 1000 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ടെന്നാണ് കണക്ക്. റെയില്‍വേ ജീവനക്കാരേയും കുടുംബാംഗങ്ങളെയും ചികിത്സിക്കാന്‍ 4000 കിടക്കകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇന്നലെ ഒരുജീവനക്കാരന് കൂടി മരിച്ചതായും റെയില്‍വേ ബോര്‍ഡ് ചെയര്മാന് സുനീത് ശര്‍മ്മ പറഞ്ഞു.
ഇതുവരെ ഒരു ലക്ഷത്തോളം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നും അവരില്‍ മൂന്നില്‍ രണ്ടു പേരും രോഗമുക്തരായെന്നും വിവിധ യൂണിയനുകള്‍ പറയുന്നു. ജീവനക്കാര്‍ക്ക് എത്രയും വേഗം വാക്സിന് ലഭ്യമാക്കണമെന്നും 50 ലക്ഷം രുപയുടെ പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്നും റെയില്‍വേ യൂണിയനുകള്‍ ആവശ്യപ്പെടുന്നു.