കാസർകോട്ട് വിരിഞ്ഞത് ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ ആമമുട്ട കുഞ്ഞുങ്ങളെ പയസ്വിനിപ്പുഴയില്‍ ഒഴുക്കിവിട്ടു
കാസര്‍കോട്: ലോകത്തിലെ ഏറ്റവും വലിയ ആമയെ തേടി കേരളത്തിലെത്തിയ ഉത്തര്‍പ്രദേശ് സ്വദേശികളായ ആയുഷി ജെയിനും കൂട്ടര്‍ക്കും സന്തോഷവാര്‍ത്ത. ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ ആമകളിലൊന്നായ ജയന്റ് സോഫ്റ്റ് ഷെല്‍ ടര്‍ട്ടിലിന്റെ മുട്ടകള്‍ കാസര്‍കോട് പയസ്വിനിപ്പുഴയില്‍ കണ്ടെത്തി. മുട്ടകള്‍ വിരിയിച്ചെടുത്ത് ആയുഷിയും സംഘവും പുഴയില്‍ തിരികെ നിക്ഷേപിച്ചു.
ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിനിയാണ് ആയുഷി. ആയുഷിയും കര്‍ഷകനായ അബ്ദുള്ളക്കുഞ്ഞിയും ചേര്‍ന്നാണ് ആമയുടെ മുട്ടകള്‍ കണ്ടെടുത്തത്. ഭീമന് ആമയെ തേടിയാണ് ആയുഷി കാസര്‍കോടെത്തിയത്. രണ്ട് വര്‍ഷമായി ഇവര്‍ കേരളത്തിലെ പല ജില്ലകളിലും താമസിച്ച് ഭീമന് ആമയ്ക്കായി തിരച്ചില്‍ നടത്തുകയായിരുന്നു. 45 വര്‍ഷത്തിനിടിയില്‍ ഇന്ത്യയില്‍ സ്വാഭാവിക പരിസ്ഥിതിയില്‍ വളരുന്ന 15 ഭീമന് ആമകളെ മാത്രമാണ് കണ്ടെത്താനായിട്ടുള്ളത്. അതില്‍ അവസാനമായി കണ്ടെത്തിയത് കോഴിക്കോടാണ്.
കുട്ടിയാനത്ത് നിന്നാണ് അബ്ദുള്ളക്കുഞ്ഞിയ്ക്ക് ആമമുട്ടകള്‍ ലഭിച്ചത്. നേരത്തെ ഭീമന് ആമയെതേടി കേരളമാകെ സഞ്ചരിച്ച ആയുഷി ജെയിനില്‍ നിന്നാണ് ഭീമന് ആമയുടെ മുട്ടയാകാം ഇതെന്ന് അബ്ദുള്ളക്കുഞ്ഞി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വനം വകുപ്പിനേയും ആയുഷിയേയും വിവരം അറിയിക്കുകയായുരുന്നു. ആമ പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ ഒരു മീറ്ററോളം നീളവും 100 കിലോ വരെ ഭാരവും ഇതിനുണ്ടാകുമെന്നും വനം വകുപ്പ് അറിയിച്ചു.