മഞ്ചേശ്വരം മൂസോടിയിൽ കടലേറ്റം;വീടുകൾ അപകടാവസ്ഥയിൽ
മഞ്ചേശ്വരം : മൂസോടിയിൽ ശക്തമായ കടലേറ്റത്തിൽ രണ്ട് വീടുകൾ അപകടാവസ്ഥയിൽ. മൂസോടി മലബാർ നഗർ സ്വദേശികളായ മറിയുമ്മ ഇബ്രാഹിം, ആസിയുമ്മ സുലൈമാൻ എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലായിരിക്കുന്നത്.
ഒരു മാസം മുൻപ് ഉണ്ടായ കടലേറ്റത്തിൽ മറിയുമ്മയുടെ വീടിന്റെ പിൻഭാഗം തകർന്നിരുന്നു. ഒരു കിടപ്പുമുറി പൂർണമായും കടലെടുത്ത നിലയിലാണ്. ബാക്കിഭാഗം ഏത് നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലായതിനെത്തുടർന്ന് ഇവർ വാടകവീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്. ഞായറാഴ്ച രാത്രിയോടെയാണ് കടലേറ്റം വീണ്ടും ശക്തമായത്. ആസിയുമ്മ സുലൈമാന്റെ വീടിന്റെ ഒരു ഭാഗവും അപകടഭീഷണിയിലാണ്.
സമീപത്തെ ഇബ്രാഹിം മൂസയുടെ ഇരുനില വീടിന്റെ അടിത്തറ ഇളകിയ നിലയിലുമാണ്. കഴിഞ്ഞവർഷമുണ്ടായ കടലേറ്റത്തിലും വീടിന് കേടുപറ്റിയിരുന്നു. തുടർന്ന് മണൽച്ചാക്കുകൾ അടുക്കിവെച്ച് കടലേറ്റം ചെറുക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം കടലെടുത്തിരിക്കുകയാണ്. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബവും അപകടാവസ്ഥയിലായ വീട്ടിൽനിന്ന് മാറിത്താമസിക്കുകയാണ്. കടലേറ്റം ശക്തമായതോടെ സമീപപ്രദേശങ്ങളിലെ മറ്റ് കുടുംബങ്ങളും ഭീതിയിലാണ്. റവന്യു അധികൃതർ സ്ഥലം സന്ദർശിച്ചു.