കുവൈത്തില്‍നിന്ന് 45 ടണ്‍ ഓക്സിജനുമായി കപ്പല്‍ മംഗളൂരുവിലെത്തി
മംഗളൂരു: വിദേശത്തുനിന്നുള്ള കോവിഡ് സഹായമെത്തിക്കുന്ന ഇന്ത്യന്‍ നാവികസേനയുടെ സമുദ്രസേതു-2 പദ്ധതിയുടെ ഭാഗമായുള്ള രണ്ടാമത്തെ നാവികസേനാ കപ്പല്‍ മംഗളൂരുവിലെത്തി. ‘ഐ.എന്‍.എസ്. കൊല്‍ക്കത്ത’ എന്ന കപ്പലാണ് കണ്ടെയ്നറിലും സിലിന്ഡറിലുമായി 45 ടണ്‍ ദ്രവീകൃത ഓക്സിജനും മറ്റു കോവിഡ് പ്രതിരോധ ഉപകരണങ്ങളുമായി മംഗളൂരു പുതുതുറമുഖത്ത് (എന്‍.എം.പി.ടി.) എത്തിയത്.
കോവിഡ് രണ്ടാംഘട്ടത്തില്‍ ഓക്സിജനില്ലാതെ ഇന്ത്യയില്‍ രോഗികള്‍ മരിക്കുന്ന സാഹചര്യം വന്നപ്പോള്‍ കടല്‍മാര്‍ഗം മറ്റ് രാജ്യങ്ങളുടെ സഹായമെത്തിക്കാനുള്ള ഇന്ത്യന്‍ നാവികസേനയുടെ പദ്ധതിയാണ് സമുദ്രസേതു 2. കുവൈത്തിലെ ഷുവായ്ഖില്നിന്ന് മേയ് അഞ്ചിന് പുറപ്പെട്ട കപ്പല്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് മംഗളൂരു തുറമുഖത്തെത്തിയത്. ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി വഴിയാണ് കുവൈത്ത് ഭരണകൂടം ഇന്ത്യക്ക് സഹായമെത്തിച്ചത്. നേരത്തേ 54 മെട്രിക് ടണ്‍ ഓക്സിജനുമായി ബഹ്റൈനില്‍നിന്ന് നാവികസേന കപ്പല്‍ മംഗളുരുവിലെത്തിയിരുന്നു. സമുദ്രസേതു-2 പദ്ധതിയില്‍ നാവികസേനയുടെ ഒന്‍പത് കപ്പലുകളാണ് വിദേശരാജ്യങ്ങളില്‍നിന്ന് കോവിഡ് സഹായം ഇന്ത്യയിലേക്കെത്തിക്കുന്നത്. ‘ഐ.എന്‍.എസ്. ഐരാവത് സിങ്കപ്പൂരില്‍നിന്നും ‘ഐ.എന്‍.എസ്. തല്‍വാര്‍ ബഹ്റൈനില്‍നിന്നും കോവിഡ് സഹായങ്ങള്‍ ഇന്ത്യയിലെത്തിക്കും.
മംഗളുരു തുറമുഖത്തെത്തിയ കപ്പലിനെയും അതിലെ ജീവനക്കാരെയും ന്യൂ മംഗളൂരു പോര്‍ട്ട് ട്രസ്റ്റ് ചെയര്മാന് ഡോ. എ.വി.രമണ, ദക്ഷിണകന്നഡ ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. കെ.വി.രാജേന്ദ്ര, എം.എല്‍.എ.മാരായ ഡോ. ഭരത് ഷെട്ടി, ഉമാനാഥ് കോട്ട്യാന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തീരദേശ കര്‍ണാടകയിലെ ആശുപത്രികള്‍ക്ക് ഓക്സിജന്‍ സൗജന്യമായി നല്കാന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.