പ്രതിപക്ഷ നേതാവിനെ മാറ്റണം; സോണിയ ഗാന്ധിക്ക് കത്തയച്ച് യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: പാര്‍ട്ടിക്കകത്ത് പുനഃസംഘടന വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതി യൂത്ത് കോണ്‍ഗ്രസ്. കെ.പി.സി.സി അധ്യക്ഷനെയും, പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസിന്റെ 24 സംസ്ഥാന ഭാരവാഹികളാണ് സോണിയ ഗാന്ധിയ്ക്ക് കത്ത് നല്‍കിയത്.
യു.ഡി.എഫ് കണ്‍വീനറെ മാറ്റണം, ജംബോ, കെ.പി.സി.സി, ഡി.സി.സി തുടങ്ങിയ കമ്മിറ്റികള്‍ പിരിച്ചു വിടണം, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റികള്‍ പിരിച്ചുവിടണം എന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റ ചര്‍ച്ചകളും പുനസംഃഘടനാ ആലോചനകളും നടന്നിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ സോണിയ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
തിരിച്ചടികളില്‍ നിന്നും ഉള്‍ക്കൊണ്ട് സംഘടനയെ വീണ്ടും ശക്തിപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകണം. കേരളം, അസം, തമിഴ്നാട്, പുതുച്ചേരി, ബംഗാള്‍ എന്നിവിടങ്ങളിലെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തെക്കുറിച്ച് കൃത്യമായി വിശദീകരിക്കണമെന്നും സോണിയ ആവശ്യപ്പെട്ടിരുന്നു.
പാര്‍ട്ടിയുടെ പ്രകടനത്തില്‍ കടുത്ത നിരാശയുണ്ട്. ഒരു ചെറിയ ഗ്രൂപ്പ് രൂപീകരിച്ച് തെരഞ്ഞെടുപ്പ് തിരിച്ചടികള്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെടുമെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയെന്നും സോണിയ ഗാന്ധി പറഞ്ഞിരുന്നു.
കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളില്‍ 99 എല്‍.ഡി.എഫിന് ലഭിച്ചപ്പോള്‍ 41 സീറ്റുകള്‍ മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. ഇതില്‍ 21 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.