കരയാത്ത ഗൗരി, തളരാത്ത ഗൗരി,കലികൊണ്ടുനിന്നാൽ അവൾ ഭദ്രകാളി
തിരുവനന്തപുരം :കരയാത്ത ഗൗരി, തളരാത്ത ഗൗരി / കലികൊണ്ടുനിന്നാൽ അവൾ ഭദ്രകാളി…/
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം, പതിവായി ഞങ്ങൾ ഭയമാറ്റിവന്നു…
ഗൗരിയമ്മയെ കുറിച്ച് ബാലചന്ദ്രൻ ചുള്ളിക്കാടെഴുതിയ കവിതയിലെ ഈ ആദ്യവരികൾ അവർക്ക് മലയാളി നൽകിയ നിർവചനമാണ്. ‘
കേരം തിങ്ങും കേരള നാട്ടിൽ കെ ആർ ഗൗരി ഭരിക്കട്ടെ’ എന്ന മുദ്രാവാക്യം കേരളത്തിലാകെ മുഴങ്ങിയ ഒരു സമയമുണ്ടായിരുന്നു. കെ ആർ ഗൗരിയമ്മ മുഖ്യമന്ത്രി കസേരയിലെത്തുമെന്ന പ്രതീക്ഷ വലിയൊരു വിഭാഗത്തിന് ഉണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരകാലത്തെ കേരളത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പ്രമുഖ നേതാക്കളിൽ ഒരാളാണ് കളത്തിപ്പറമ്പിൽ രാമൻ ഗൗരി എന്ന കെ ആർ ഗൗരി എന്ന ഗൗരിയമ്മ.
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, അറുമുറിപറമ്പിൽ പാർവ്വതിയമ്മ എന്നിവരുടെ ഏഴാമത്തെ മകളായി 1919 ജൂലൈ 14-ന് ജനനം. തിരൂർ, ചേർത്തല എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബി.എ. ബിരുദവും തുടർന്ന് എറണാകുളം ലോ കോളേജിൽ നിന്നു് നിയമബിരുദവും കരസ്ഥമാക്കി. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തെരഞ്ഞെടുക്കാൻ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയിലെ അംഗം. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പ്രതീകമാവാന്‍ കെ.ആര് ഗൗരിയമ്മയെ പ്രാപ്തയാക്കിയത് അവരുടെ ജീവിത പശ്ചാത്തലമായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനായിരുന്ന ജ്യേഷ്ഠസഹോദരൻ സുകുമാരന്റെ പ്രേരണയാൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്കു് ഇറങ്ങിത്തിരിച്ചു.1938ല്‍ എ.കെ.ജി നയിച്ചൊരു വിദ്യാര്‍ഥി റാലിയിലാണ് ഗൗരിയമ്മ ആദ്യമായി പങ്കെടുക്കുന്നത്. തിരുവിതാംകൂറില്‍ സര് സിപിയുടെ മര്‍ദനമുറകള്‍ ശക്തിപ്പെടുന്നകാലമാണ്. നേതാക്കള്‍ നോട്ടപ്പുള്ളികളായതോടെ പി.കൃഷ്ണപ്പിള്ളയും ടി.വി തോമസും ഗൗരിയമ്മയുടെ സഹോദരന് സുകുമാരനും ഒളിവിലായി. അങ്ങനെയാണ് പാര്‍ട്ടി അംഗത്വംപോലുമില്ലാതിരുന്ന ഗൗരിയമ്മ യൂണിയന് പ്രവര്‍ത്തനം ഏറ്റെടുക്കുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിടെ കൊടിയ പൊലീസ് പീഡനം അനുഭവിച്ചു.സ്ത്രീകൾ അകത്തളങ്ങളിൽ നിന്ന് പൂമുഖത്ത് പോലും സാന്നിധ്യം അറിയിക്കാത്ത ഒരു കാലഘട്ടത്തിലാണ് ഗൗരിയമ്മ രാഷ്ട്രീയത്തിന്റെ ലോകത്തേക്ക് പ്രവേശിച്ചത് എന്നോർക്കുക. ആൺകോയ്മ അനുവദിച്ച പെണ്ണിടങ്ങൾക്ക് അപ്പുറത്തേക്ക് എത്തിനോക്കാൻ പോലും ധൈര്യമില്ലാതിരുന്ന കാലത്ത് ട്രേഡ് യൂണിയൻ, കർഷക പ്രസ്ഥാനങ്ങൾ എന്നിവയിലൂടെ പൊതുജീവിതം ആരംഭിച്ച ഗൗരിയമ്മയെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന് നിരവധി തവണ ജയിലിലടയ്ക്കപ്പെട്ടു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ മറ്റൊരു വനിതയ്ക്കും അവകാശപ്പെടാൻ കഴിയാത്ത റെക്കാഡുകളുടെ ഉടമയാണ് ഗൗരിഅമ്മ.ഏറ്റവും കൂടുതൽ തവണ നിയമസഭാ അംഗം. കേരളപ്പിറവിക്ക് ശേഷമുള്ള ആദ്യ നിയമസഭയിലേക്ക് മത്സരിച്ചവരിൽ ഇന്നലെ വരെ ജീവിച്ചിരുന്ന ഏക വ്യക്തിയും ഗൗരിയമ്മയാണ്. ആദ്യമായ് മത്സരിക്കുമ്പോൾ ഗൗരിയമ്മയ്ക്ക് പ്രായം 31. 1948ൽ തിരുവിതാംകൂർ നിയമസഭയിലേക്ക് മത്സരിച്ചാണ് ഗൗരിഅമ്മയുടെ തുടക്കം. 1952ലും 56ലും തിരുകൊച്ചി നിയമസഭയിൽ അംഗമായി. തിരുകൊച്ചിയിലും കേരളത്തിലുമായി നടന്ന 17 തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ഗൗരിഅമ്മ 13 എണ്ണത്തിൽ വിജയിച്ചു. 11 തവണ നിയമസഭാംഗമായി. 1948 ലെ കന്നിയങ്കത്തിലും 1977, 2006, 2011 വർഷങ്ങളിലുമാണ് പരാജയം അറിഞ്ഞത്. .1965ല്‍ മല്‍സരിച്ചില്ല. സിറ്റിംഗ് എംഎൽഎ പി. കെ. രാമനെതിരെ 1952 ലും 1954 ലും വിജയിച്ച് തിരുവിതാംകൂർ കൗൺസിൽ ഓഫ് ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. . രണ്ടുതവണ ഇ.എം.എസ് സര്‍ക്കാരിലും രണ്ടുതവണ നായനാര്‍ സര്‍ക്കാരിലും മന്ത്രിയായി. 2001ലെ യുഡിഎഫ് മന്ത്രിസഭയില്‍ കൃഷിമന്ത്രിയായാണ് നിയമസഭാ ജീവിതം അവസാനിക്കുന്നത്.
പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്നു ഗൗരിയമ്മ.
1960 മുതൽ 1984 വരെ ഗൗരി അമ്മ കേരള കർഷക സംഘവുമായി ബന്ധപ്പെട്ടിരുന്നു. 1967 മുതൽ 1976 വരെ കേരള മഹിള സംഘത്തിന്റെ നേതാവായിരുന്നു.
1957-ലെ പ്രഥമകേരളനിയമസഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ, ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ നിലവിൽ വന്ന മന്ത്രിസഭയിലും അംഗമായി. സംസ്ഥാനരൂപീകരണത്തിനുശേഷം 1957ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി ചേർത്തലയിൽ നിന്നാണ് ഗൗരിഅമ്മ മത്സരിച്ച് വിജയിച്ചത്. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ മന്ത്രിയായി എന്ന ബഹുമതിയും ഗൗരിഅമ്മയ്ക്കുണ്ട്. 1960ൽ സി.പി.ഐ സ്ഥാനാർത്ഥിയായി ചേർത്തലയിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1965, 67, 70, 80, 82, 87, 91 വർഷങ്ങളിൽ സി.പി.എം സ്ഥാനാർത്ഥിയായി അരൂരിൽ നിന്ന് ജനവിധി തേടി വിജയം കൊയ്തു. 1957, 67, 80, 87, 2001 വർഷങ്ങളിൽ മന്ത്രിയായി.
അരൂരിനെ ഒഴിവാക്കി ഗൗരിയമ്മയുടെ ചരിത്രം പറയാനാവില്ല. 9 തവണ ഗൗരിയമ്മ അരൂരിൽ നിന്നാണ് വിജയിച്ചത്. രണ്ട് തവണ അവിടെ നിന്നും തോറ്റു. 1957ലാണ് ചേര്‍ത്തലയുടെ ഭാഗമായിരുന്ന അരൂര്‍ സ്വതന്ത്ര മണ്ഡലമായത്. ആദ്യ രണ്ടു തെരഞ്ഞെടുപ്പുകളിലും അരൂര്‍ കോണ്‍ഗ്രസിനൊപ്പം നിന്നു. കോണ്‍ഗ്രസിലെ പി.എസ് കാര്‍ത്തികേയനായിരുന്നു അരൂരിന്റെ ആദ്യ എം.എല്‍.എ. 1960ലും അരൂര്‍ കാര്‍ത്തികേയനെ തുണച്ചു. 1964ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷമാണ് കെ.ആര് ഗൗരിയമ്മ സി.പി.എമ്മിനായി അരൂരിലേക്ക് വരുന്നത്. വയലാര്‍ രവിയുടെ മാതാവ് ദേവകി കൃഷ്ണനായിരുന്നു കോണ്‍ഗ്രസിലെ എതിരാളി. ദേവകി കൃഷ്ണനെ വീഴ്ത്തിയ ഗൗരിയമ്മ അരൂരിന്റെ മനസ് പിടിച്ചെടുത്തു. 1965ല്‍ തുടങ്ങിയ ഗൗരിയമ്മയുടെ വിജയം 2001 വരെ നീണ്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേരിട്ട് ഏറ്റുമുട്ടിയ 1970ലെ തെരഞ്ഞെടുപ്പിലും ഗൗരിയമ്മ ജയിച്ച് ഹാട്രിക് സ്വന്തമാക്കി. 1977ല്‍ സി.പി.ഐയിലെ പി.എസ് ശ്രീനിവാസനോട് ഏറ്റുമുട്ടിയ ഗൗരിയമ്മയുടെ കാലിടറി. കോണ്‍ഗ്രസ് പിന്തുണയില്‍ പി.എസ് ശ്രീനിവാസന് ജയിച്ചുകയറിയത്.1980, 1982, 87, 91 തെരഞ്ഞെടുപ്പുകളിലും ഗൗരിയമ്മയെ അരൂര്‍ കൈവിട്ടില്ല. 1996ല്‍ സി.പി.എമ്മില്‍നിന്ന് പുറത്തായ ഗൗരിയമ്മ ജെ.എസ്.എസ് രൂപീകരിച്ച് യു.ഡി.എഫ് സ്ഥാനാര് ഥിയായിട്ടാണ് വിജയിച്ചത് . 2001 ലും വിജയം നേടി. പക്ഷേ 2006 മുതൽ ഗൗരിയമ്മയുടെ ജനാധിപത്യ പോരാട്ടത്തിലെ പടിയിറക്കത്തിന്റെ തുടക്കമായിരുന്നു എന്ന് പറയാം. 2006,2011,2017 എം. എ.ആരിഫ് ഹാട്രിക്ക് വിജയം നേടി.
1957-ലെ പ്രഥമകേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രി എന്ന നിലയിൽ ചരിത്രപ്രധാനമായ ഭൂപരിഷ്കരണ നിയമം, കേരള സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം (1958) എന്നിവ നിയമസഭയിൽ അവതരിപ്പിച്ചതും നടപ്പിൽ വരുത്തിയതും ഗൗരിയമ്മയായിരുന്നു. കേരളത്തിന്റെ പിൽക്കാല സാമ്പത്തിക-സാമൂഹ്യചരിത്രഗതി നിർണ്ണയിക്കുന്നതിൽ ഈ ബില്ലുകൾ ഗണ്യമായ പങ്കു ബഹിച്ചിട്ടുണ്ട്. വിമോചന സമരത്തെ തുടർന്ന് കേന്ദ്രസർക്കാർ ഒന്നാം കേരളമന്ത്രിസഭയെ പിരിച്ചുവിട്ടു.
രണ്ടാമത് ഇ.എം.എസ് മന്ത്രിസഭയിൽ (1967) റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയമം എന്നീവകുപ്പുകളുടെ ചുമതല വഹിച്ചു. മുൻ ഗവൺമെൻറ് അംഗീകരിച്ച ഭൂപരിഷ്കരണ ബില്ലിൽ പുരോഗമനപരവും സമൂലവുമായ നിരവധി ഭേദഗതികൾ വരുത്തി നടപ്പാക്കി. അതോടെ ജന്മിത്തം കേരളത്തിൽ നിരോധിക്കപ്പെട്ടു. മുപ്പത്തഞ്ചു ലക്ഷത്തോളം കുടിയേറ്റക്കാരും അഞ്ചുലക്ഷത്തോളം കുടികിടപ്പുക്കാരും ഭൂമിയുടെ ഉടമസ്ഥരായി. ഒരുലക്ഷത്തിലധികം ഏക്കർ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും ഗ്രാമീണ മേഖലയിലെ കർഷക തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുകയും ചെയ്തു.
1957-ലാണ് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായത്. 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതിനുശേഷം ഗൗരിയമ്മ പുതുതായി രൂപംകൊണ്ട കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ (മാർക്സിസ്റ്റ്) ചേർന്നു. എന്നാൽ അവരുടെഭർത്താവ് ടി. വി. തോമസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയ്ക്കൊപ്പം നിന്നു. ഇത് അവരുടെ ബന്ധത്തിൽ വിള്ളലുകൾ സൃഷ്ടിക്കുകയും അവരുടെ രാഷ്ട്രീയ വീക്ഷണങ്ങളിലെ വ്യത്യാസങ്ങൾ കാരണം താമസിയാതെ അവർ പിരിഞ്ഞു. വിഭിന്ന ചേരികളിലായ അവർ പിരിഞ്ഞു താമസിച്ചു.
കേരളത്തിലെ ആദിവാസികളുടെ ഭൂമി സംരക്ഷിക്കാനുള്ള ഒരേ ഒരു നിയമം KST Act, 1975 [Kerala Scheduled Tribes (Restriction on Transfer and Restoration of Alienated Land) Act, 1975 കൊണ്ട് വന്നു.( ഇത് മറികടക്കാന്‍ ആന്റണി സര്‍ക്കാര്‍ 1996ല്‍ ഒരു ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. രാഷ്ട്രപതി ആ ഓര്‍ഡിനന്‍സ് തിരിച്ചയച്ചു. 1999ലെ നായനാര്‍ സര്‍ക്കാര്‍ മറ്റൊരു ഭേദഗതി നിയമം കൊണ്ടുവന്നു. കയ്യേറ്റക്കാര്‍ കൈവശം വെക്കുന്ന ആദിവാസി ഭൂമിക്ക് 5 ഏക്കര്‍വരെ സാധുത നല്കി പകരം ഭൂമി സര്‍ക്കാര്‍ നല്‍കാനും, 5 ഏക്കറില്‍ കൂടുതല്‍ ഉള്ളത് തിരിച്ചു പിടിച്ച് നല്‍കാനുമായിരുന്നു ഭേദഗതി നിര്‍ദേശിച്ചിരുന്നത്. അതോടെപ്പം, 1975 ലെ നിയമം റദ്ദാക്കാനും പുതിയ നിയമം നിര്‍ദേശിച്ചു.) സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് തടയിടാന്‍ വനിതാകമ്മിഷന് നിയമം കൊണ്ടുവന്നത് ഗൗരിയമ്മയാണ്.പോലീസ് സേനയിലും നഴ്സുമാരിലും നിലനിന്നിരുന്ന സ്ത്രീവിവാഹ വിലക്കവസാനിപ്പിക്കാനും സ്ത്രീകൾക്ക് പ്രധാനാധ്യാപികമരാവാൻ കഴിയാതിരുന്ന പുരുഷാധ്യാപക മേൽക്കോയ്മക്കറുതിവരുത്താനും പൊതുരംഗത്തു സ്ത്രീസാന്നിധ്യമുറപ്പാക്കാനുംവനിതാമന്ത്രിയെന്നനിലയ്ക്ക്ഗൗരിയമ്മ കേരളത്തിനു സമർപ്പിച്ച സംഭാവനകൾ വളരെ വലുതാണ്.
1994 ൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപവത്കരിച്ചു. യുഡിഎഫ് നെ ഭാഗമായി തീർന്ന JSS എ.കെ. ആന്റണിയും(2001) ഉമ്മൻ ചാണ്ടിയും(2004) നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും മന്ത്രിയായിരുന്ന അവർ റവന്യൂ, വിജിലൻസ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു.2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച നാലു സീറ്റുകളിൽ ഒന്നിൽ പോലും വിജയിക്കുവാൻ സാധിച്ചില്ല. 2013 ൽ JSS ഐക്യ ജനാധിപത്യ മുന്നണി വിട്ടു.
ചരിത്രത്തിൽ ആദ്യമായി ഗൗരിയമ്മ തപാൽ വോട്ട് ഇക്കഴിഞ്ഞ നിയമസഭ ഇലക്ഷനിൽ ചെയ്തു. 1948ൽ തിരുവിതാംകൂർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മുതൽ വോട്ട് ചെയ്യുന്ന ഗൗരിയമ്മ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിട്ടുണ്ട്.
കെ.ആർ .ഗൗരിയമ്മ-ആത്മകഥ ഗ്രന്ഥത്തിന് ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം 2011-ൽ ലഭിച്ചു.
കേരള ചരിത്രത്തിൽ കെ.ആർ ഗൗരി എന്ന സ്ത്രീ ഒരു ഉരുക്കു വനിതയായി എന്നും ഓർമ്മിക്കപ്പെടും. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി തന്നെ റ ജീവിത വും താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനു വേണ്ടി തൻ്റെ ദാമ്പത്യവും ബലികഴിച്ച അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളാണ് ഗൗരിയമ്മ-