മുഖ്യമന്ത്രി ആഹ്വാനം ചെയ്ത വാക്സിൻ ചലഞ്ച് 50 കോടിയിലേക്ക് കടന്നു
തിരുവനന്തപുരം:കേരളം ഒറ്റ മനസ്സോടെ ഏറ്റെടുത്ത വാക്സിൻ ചലഞ്ചിന്റെ ഭാഗമായി ദിവസങ്ങൾക്കകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയത് 50 കോടിയോളം രൂപയാണ്. ഇലക്ട്രോണിക് ട്രാൻസാക്ഷൻ വഴി മാത്രം 29.43 കോടിരൂപ എത്തി. ഇതിന് പുറമെ ചെക്കായും പണമായും സംഭാവന ഒഴുകുകയാണ്.
കോവിഡിന്റെ ഭാഗമായി മാറ്റിവച്ച ഒരു മാസത്തെ ശമ്പളത്തിൽ ജീവനക്കാർക്ക് സർക്കാർ തിരികെ നൽകിയ ആദ്യ ഗഡു വാക്സിൻ ചലഞ്ചിലേക്ക് തിരികെ നൽകി ജീവനക്കാരും അധ്യാപകരും പൊലീസുകാരും മറ്റ് യൂണിഫോം ഫോഴ്സും വാക്സിൻ ചലഞ്ച് ഏറ്റെടുത്തു. പണം നൽകാൻ ജീവനക്കാർ ഡ്രോയിങ് ഓഫീസർമാർക്ക് അനുമതി പത്രം നൽകി. ഇടത് അനുകൂല സംഘടനയായ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ ആഹ്വാന പ്രകാരമാണിത്. പൊലീസ് അസോസിയേഷനുകളും പ്രോത്സാഹനവുമായി രംഗത്തുണ്ട്. ഈ തുകയും എത്തുന്നതോടെ വാക്സിൻ ചലഞ്ച് ചരിത്രമാകും.
വാക്സിന് കേന്ദ്ര സർക്കാർ വിലയിട്ടതിന് പിന്നാലെ കേരളത്തിൽ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി ആവർത്തിച്ചിരുന്നു. ഇതിന് പിന്നാലെ 22 ന് സാമൂഹ്യമാധ്യമങ്ങൾവഴി ജനങ്ങൾ വാക്സിൻ ചലഞ്ചിന്റെ പ്രചാരണം ആരംഭിച്ചു.
നിരവധി പേർ സൗജന്യമായി ലഭിച്ച വാക്സിന്റെ വില സി.എം.ഡി.ആർ.എഫിലേക്ക് നൽകി. കുട്ടികളടക്കം വിഷുക്കൈനീട്ടം, സക്കാത്ത്, എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ് തുക, സമ്പാദ്യകുടുക്കയിലെ പണം തുടങ്ങിയവ കൈമാറി. പിന്നാലെ വൻവ്യവസായികൾ അടക്കം ചലഞ്ചിന്റെ ഭാഗമായി.