ഗ്യാസ് കുറ്റി മുതൽ സ്വിഫ്റ്റ് കാർ വരെ അടിച്ചുമാറ്റുന്നു, പോലീസിനെ വെട്ടിച്ച് തലസ്ഥാനം കീഴടക്കി കള്ളന്മാർ
തിരുവനന്തപുരം :കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസ് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ വെഞ്ഞാറമൂട്ടിൽ മോഷണം വർദ്ധിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ സ്റ്റേഷൻ പരിധിയിൽ നിരവധി മോഷണ ശ്രമങ്ങളാണ് നടന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിക്കും മുൻപ് തന്നെ വെഞ്ഞാറമൂട് കനത്ത പൊലീസ് സംരക്ഷണത്തിലുമാണ്. ഇരുപത്തിനാലു മണിക്കൂറും പൊലീസ് പട്രോളിംഗുള്ള പ്രദേശത്തുമാണ് കള്ളന്മാർ പൊലീസിനെ കബളിപ്പിച്ചു വിലസുന്നത്.മൂന്നാഴ്ചയ്ക്കു മുൻപാണ് ബസ് കാത്തുനിന്ന യുവതിയുടെ മൊബൈലും പണവും കവർന്നത്. നിമിഷങ്ങൾക്കകം തൊട്ടടുത്ത കവലയിൽ നിന്നും വഴിയാത്രക്കാരനായ യുവാവിനെ അടിച്ചു വീഴ്ത്തി മൊബൈലും അപഹരിച്ചു. രണ്ട് ദിവസത്തിനകം മോഷ്ടാവിനെ പിടികൂടുകയും ചെയ്തു.എന്നാൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ ഇപ്പോൾ മോഷണ പരമ്പര തന്നെയാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ മുക്കുന്നൂരിൽ ബ്രിസ് ബേക്കറിയിയുടെ മുൻവശത്തെ ഗ്ലാസ് വാതിൽ തകർത്ത് മേശയിലുണ്ടായിരുന്ന പണവും സാധനങ്ങളും കവർന്നിരുന്നു. അന്നേ ദിവസം തന്നെ വെഞ്ഞാറമൂട് ഉദിമുട്ടിൽ കൃപ കാർ സർവീസ് സെന്ററിൽ നിന്നും സർവീസിനായി കൊണ്ടുവന്ന സ്വിഫ്റ്റ് കാർ മോഷണം പോയി. സമാനമായ രീതിയിൽ വെഞ്ഞാറമൂട്ടിലെ ഒരു യൂസ്ഡ് കാർ സ്ഥാപനത്തിൽ നിന്നും രണ്ടു ദിവസം മുമ്പ് മറ്റൊരു വാഹനവും മോഷണം പോയിരുന്നു. മോഷ്ടിക്കപ്പെട്ട വാഹനം കുളത്തുപ്പുഴയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. പ്രതി സഞ്ചരിച്ചെന്നു കരുതുന്ന ബൈക്കും കണ്ടെത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ മുഖമൂടി ധരിച്ചയാളുടെ ഫോട്ടോ പതിഞ്ഞിട്ടുണ്ടെങ്കിലും പ്രതിയെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതേ പ്രതികളാണ് ഈ മോഷണവും നടത്തിയിട്ടുള്ളതെന്നാണ് പൊലീസിന്റെ നിഗമനം.ആലംതറ മുണ്ടുകൊണത്ത് വീട്ടിൽ ശാലിനി വീടിനോട് ചേർന്ന് നടത്തി വന്ന കട സാമൂഹ്യ വിരുദ്ധർ അഗ്നിക്കിരയാക്കി കടയിലെ ഗ്യാസ് കുറ്റി സഹിതം മോഷ്ടിച്ചു കൊണ്ട് പോയത് കഴിഞ്ഞ ദിവസമാണ്. പിറ്റേ ദിവസം വലിയ കട്ടയ്ക്കൽ ജംഗ്ഷനിൽ സ്ഥിതി ചെയുന്ന അജയന്റെ ഉടമസ്ഥതയിലുള്ള ശ്രീ ശാസ്ത സ്റ്റേഷനറി കടയുടെ ഷട്ടർ കുത്തി തുറന്നു ബേക്കറി ഐറ്റംസ് കവർന്നു. അവിടെയും സി.സി.ടി.വി ദൃശ്യങ്ങളിൽ മോഷ്ടാക്കൾ വന്ന വാഹനത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോക്ക് ഡൗണായതിനാൽ ഭൂരിഭാഗം കടകളും അടച്ചിട്ടിരിക്കുന്നതിനാൽ വ്യാപാരികളെല്ലാം കൊവിഡ് ഭീതിയേക്കാളും കള്ളന്മാരുടെ ശല്യത്തെയാണ് ഇപ്പോൾ ഭയക്കുന്നത്.