കോവിഡ് ബാധിച്ചാല്‍ ആശുപത്രിയില്‍ പോകേണ്ട, തന്റെ ഉപദേശം കേട്ടാല്‍ മതിയെന്ന് രാംദേവ്; പരാതിയുമായി ഐഎംഎ ഭാരവാഹി
ന്യൂഡല്‍ഹി:യോഗ ഗുരു ബാബാ രാംദേവിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ദേശീയ വൈസ് പ്രസിഡന്റ് ഡോ. നവ്ജോത് ദാഹിയ പൊലീസില്‍ പരാതി നല്കി. കോവിഡ് രോഗികളെ കളിയാക്കിയെന്നും ആരോഗ്യ പ്രവര്‍ത്തകരെ അവഹേളിച്ചെന്നും പരാതിയില്‍ പറയുന്നു. ജലന്ധര്‍ കമ്മീഷനറേറ്റിലാണ് പരാതി നല്‍കിയത്. കോവിഡ് ബാധിതരെ രാംദേവ് തെറ്റിദ്ധരിപ്പിച്ചെന്ന് ഡോക്ടറുടെ പരാതിയിലുണ്ട്. കോവിഡ് ബാധിതരായവര്‍ ചികിത്സക്കായി ആശുപത്രികളില്‍ പോകരുത്. പകരം തന്റെ ഉപദേശം സ്വീകരിച്ചാല്‍ മതിയെന്ന് രാംദേവ് പറഞ്ഞു. കുത്തിവെപ്പുകളും റെംഡെസിവിറും വഴി ഡോക്ടര്‍മാര്‍ കോവിഡ് രോഗികളെ മരണത്തിലേക്ക് തള്ളിവിടുകയാണെന്ന ആരോപണവും രാംദേവ് ഉന്നയിച്ചെന്ന് ഡോക്ടര്‍ പറയുന്നു.
രാംദേവിന്റെ വീഡിയോ ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്- ‘കോവിഡ് രോഗികള്‍ക്ക് കൃത്യമായി ശ്വാസമെടുക്കേണ്ടത് എങ്ങനെയാണെന്ന് അറിയില്ല. എന്നിട്ട് ഓക്സജിന്‍ ക്ഷാമമാണെന്നും ശ്മശാനങ്ങളില്‍ സ്ഥലമില്ലെന്നും പരാതി പറയുന്നു’ എന്നാണ് രാംദേവിന്റെ ഒരു പരാമര്‍ശം. രാംദേവിനെതിരെ ക്രിമിനല്‍ കേസ്? എടുക്കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു. രാംദേവ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും സമൂഹത്തില്‍ ഭീതി പടര്‍ത്തുകയുമാണ് ചെയ്യുന്നത്. കോവിഡ് മഹാമാരി നേരിടാന്‍ സര്‍ക്കാര്‍ പുറത്തിറങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കരുതെന്നാണ് രാംദേവ് ആഹ്വാനം ചെയ്യുന്നത്. അതിനാല്‍ എപിഡമിഡ് ഡിസീസ് ആക്റ്റ്, 2005ലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്റ്റ് എന്നിവ പ്രകാരം രാംദേവിനെതിരെ കേസെടുക്കണമെന്ന് ഡോ ദഹിയ ആവശ്യപ്പെട്ടു