കേരളം വിലകൊടുത്തു വാങ്ങുന്ന വാക്സിൻ ഇന്നെത്തും, 45ന് താഴെ പ്രായമുളളവരുടെ വാക്സിനേഷൻ ഉടൻ ആരംഭിക്കും
തിരുവനന്തപുരം: കേരളം വിലകൊടുത്തു വാങ്ങുന്ന വാക്സിൻ ഇന്നുമുതൽ എത്തി തുടങ്ങും. കൊവിഷീൽഡാണ് കേരളം വാങ്ങിയിരിക്കുന്നത്. ആദ്യ ബാച്ച് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എറണാകുളത്തെത്തും. മൂന്നരലക്ഷം ഡോസ് വാക്സിനാണ് എത്തുന്നത്.ഒരു കോടി ഡോസ് വാക്സിൻ കമ്പനികളിൽ നിന്ന് വില കൊടുത്ത് വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഗുരുതര രോഗികൾക്കും, സമൂഹത്തിൽ നിരന്തരം ഇടപഴകുന്നവർക്കുമായിരിക്കും മുൻഗണനയെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.75 ലക്ഷം കൊവിഷീൽഡും 25 ലക്ഷം കൊവാക്സിൻ ഡോസുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്. പതിനെട്ടിനും നാൽപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുളളവർക്ക് പരമാവധി വാക്സിൻ നൽകാനാണ് നീക്കം. കടകളിലെ ജീവനക്കാർ, ബസ് ജീവനക്കാർ, മാദ്ധ്യമപ്രവർത്തകർ, ഗ്യാസ് ഏജൻസി ജീവനക്കാർ എന്നിവർക്ക് വാക്സിൻ ലഭിക്കും. എറണാകുളത്തെത്തുന്ന വാക്സിൻ മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും.വിതരണം സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം ഇന്നത്തെ കൊവിഡ് അവലോകന യോഗത്തിനു ശേഷം പൊതു ജനങ്ങള്‍ക്ക് നൽകും. അതേസമയം, സ്വകാര്യമേഖലയും വിതരണത്തിന് തയ്യാറെടുക്കുകയാണ്.