കൊറോണ വൈറസിനെ ജൈവായുധമായി ഉപയോഗിക്കാമെന്ന് ചൈന 2015-ൽ ചർച്ച നടത്തിയിരുന്നു; രഹസ്യരേഖ പുറത്ത്
ലോകം ഇപ്പോഴും കോവിഡ് മഹാമാരിയിൽ നിന്നും മോചിതരായിട്ടില്ല. ചൈനയിൽ നിന്ന് തുടക്കമിട്ട കോവിഡ് അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ അതിഗുരുതരമായാണ് ബാധിച്ചത്. കോവിഡ് കാലം ഒരു വർഷം പിന്നിട്ടിട്ടും വൈറസിന്റെ പ്രഭവകേന്ദ്രത്തെ കുറിച്ച് ഇപ്പോഴും ദുരൂഹത നീങ്ങിയിട്ടില്ല. എന്നാൽ ഇപ്പോൾ മാരക വൈറസുകളെ ജൈവായുധമായി ഉപയോഗിക്കുന്നതിനെ കുറിച്ചു ചൈന ചർച്ച നടത്തിയിരുന്നതായി ഞെട്ടിക്കുന്ന തെളിവുകൾ പുറത്തു വന്നിരിക്കുകയാണ്. വീക്കെൻഡ് ഓസ്ട്രേലിയൻ പത്രമാണ് ചൈനയെ സംശയമുനയിലാക്കുന്ന രഹസ്യരേഖ പുറത്തുവിട്ടത്.
സാർസ് കൊറോണ വൈറസുകൾ ഭാവിയിൽ ജൈവായുധമായി ഉപയോഗിക്കപ്പെട്ടേക്കുമെന്ന് ചൈനയുടെ സൈനിക ശാസ്ത്രജ്ഞർ 2015 ൽ വിലയിരുത്തിയതായി രഹസ്യരേഖ പറയുന്നു. ഇനിയൊരു ലോകമഹായുദ്ധം ഉണ്ടായാൽ ഇത്തരം വൈറസുകൾ ആയുധമായി ഉപയോഗിക്കപ്പെടും. കൊറോണ വൈറസുകളുടെ വിവിധ ഇനങ്ങളെ ആയുധമാക്കി ഉപയോഗിക്കാനാവുമെന്ന് ചൈന അഞ്ചു വർഷം മുമ്പു തന്നെ ചർച്ച നടത്തിയിരുന്നുവെന്നാണ് രേഖ തെളിയിക്കുന്നത്. അതേസമയം വാർത്തയോട് ചൈന പ്രതികരിച്ചിട്ടില്ല.
ഓസ്ട്രേലിയൻ മാധ്യമ പ്രവർത്തകനായ ഷാറി മാർക്സൺ വാട്ട് റിയലി ഹാപ്പെൻഡ് ഇൻ വുഹാൻ എന്ന പുസ്തകത്തിൽ ‘ദി അൺനാച്ചുറൽ ഒറിജിൻ ഓഫ് സാർസ് ആൻഡ് ന്യൂ സ്പീഷീസ് ഓഫ് മാൻ–മെയ്ഡ് വൈറസസ് ഏസ് ജനറ്റിക് ബയോവെപ്പൺസ്’’ എന്ന ലേഖനത്തിലും ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ടെന്നാണ് സൂചന. പുസ്തകം ഉടൻ വിപണിയിലെത്തും. കോവിഡ് 19ന്റെ ഉത്ഭവത്തെ കുറിച്ച് അമേരിക്ക നടത്തിയ രഹസ്യാന്വേഷണത്തിലാണ് 2015ലെ ചർച്ചയുടെ രേഖകൾ പുറത്തു വന്നതെന്നാണ് വീക്കെൻഡ് ഓസ്ട്രേലിയൻ പത്രം പറയുന്നത്.
2002-04 കാലത്ത് സാർസ് വ്യാപനം ശക്തമായ കാലത്താണ് ചൈന വുഹാനിൽ ആദ്യ ബയോസേഫ്റ്റി വൈറോളജി ലാബ് സ്ഥാപിച്ചത്. വുഹാനിൽ നിന്നാണ് 2019ൽ കോവിഡ് രോഗം വ്യാപിച്ചു തുടങ്ങിയത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.