കുഞ്ഞുമോനും എല്‍ ജെ ഡിക്കും മന്ത്രിസ്ഥാനമില്ല; ഗണേഷിന് നറുക്ക് വീഴും, ആന്റണിരാജു പരിഗണനയില്‍
തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തിനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഇടതുമുന്നണിയില്‍ ഇന്ന് പുനരാരംഭിക്കും. ഇരുപതാം തീയതി വൈകിട്ട് സത്യപ്രതിജ്ഞ നടത്തുന്നത് ലക്ഷ്യമിട്ടാണ് മന്ത്രസഭാ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. മന്ത്രിസഭയുടെ അംഗസംഖ്യ അനുവദനീയമായ 21 ആക്കി ഉയര്‍ത്തുന്നതിന് സി പി എമ്മും സി പി ഐയും തമ്മിലുളള ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായിരുന്നു.പുതുതായി മുന്നണിയിലേക്കെത്തിയതില് കേരള കോണ്‍ഗ്രസിന് മാത്രമാകും മന്ത്രിസ്ഥാനം നല്‍കുക എന്നാണ് സൂചന. ജനതാദളിനും എല്‍ ജെ ഡിക്കും കൂടി മന്ത്രിസ്ഥാനം നല്‍കാനാവില്ലെന്നും ഇരുപാര്‍ട്ടികളും ലയിക്കണമെന്നുമാണ് സി പി എം നിര്‍ദേശം. ഇക്കാര്യം സി പി എം നേരത്തെ തന്നെ മുന്നോട്ടുവച്ചിരുന്നതാണ്. സിറ്റിംഗ് സീറ്റുകളായിരുന്ന വടകരയിലും കല്‍പ്പറ്റയിലും വാശിപിടിച്ച് എല്‍ ജെ ഡി മത്സരിച്ച ശേഷം പരാജയപ്പെട്ടത് സി പി എമ്മിനുളളില്‍ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.മുന്നണിയുടെ ഭാഗമല്ലാത്തതിനാല്‍ കോവൂര്‍ കുഞ്ഞുമോന് മന്ത്രിസ്ഥാനം നല്‍കില്ലെന്നാണ് ഇതുവരെയുള്ള ധാരണ. മുന്നണിയ്ക്കകത്തെ മുതിര്‍ന്ന എം എല്‍ എ എന്ന നിലയില്‍ കെ ബി ഗണേഷ്കുമാര് മന്ത്രിസ്ഥാനത്തേക്ക് വന്നേക്കും. ഐ എന്‍ എല്ലിന് മന്ത്രിസ്ഥാനം ലഭിക്കില്ല. എന്‍ സി പിക്കും ജനതാദള്‍ എസിനും ഓരോ മന്ത്രിസ്ഥാനമുണ്ടാകും.സി പി എം ഒരു മന്ത്രിസ്ഥാനവും സി പി ഐ ചീഫ് വിപ്പ് പദവിയും വിട്ടുനല്‍കും. ഇതു രണ്ടും കേരള കോണ്‍ഗ്രസിനാവും ലഭിക്കുക. കടന്നപ്പള്ളി രാമചന്ദ്രന് മന്ത്രിസ്ഥാനത്ത് നിന്ന് മാറിനിന്നേക്കും. ഈ ഒഴിവ് വരുന്ന മന്ത്രിസ്ഥാനമാണ് ഗണേഷിന് നല്‍കുക. ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്നുളള ഏക പ്രതിനിധിയായ ആന്റണി രാജുവിന് മന്ത്രി സ്ഥാനം നല്‍കണമോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.ഘടകക്ഷികളുടെ എം എല്‍ എമാരില്‍ നിന്ന് ആര് മന്ത്രിയാകണമെന്ന് ആ പാര്‍ട്ടി തീരുമാനിക്കണം. എന്നാലും കഴിഞ്ഞ മന്ത്രിസഭയിലുള്ളവര്‍ മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന നിര്‍ദേശമാണ് സി പി എമ്മിനുള്ളത്. ഇന്നും നാളെയുമായി നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയിലൂടെ ഇത്തരം നിര്‍ദേശങ്ങള്‍ സി പി എം മുന്നോട്ടുവയ്ക്കും. സി പി ഐ നേതൃത്വവുമായി രണ്ടാംഘട്ട ചര്‍ച്ചയും എന്‍ സി പി, ജെ ഡി എസ് എന്നിവരുമായി ആദ്യഘട്ട ചര്‍ച്ചയുമാണ് ഇന്ന് നടക്കുക. പതിനേഴിന് ചേരുന്ന എല്‍ ഡി എഫ് യോഗത്തിന് മുമ്പ് കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകും.