മണല്‍ക്കടത്ത്: രണ്ട് ലോറികള്‍ പിടികൂടി, ഫൈബര്‍ തോണികള്‍ നശിപ്പിച്ചു
ഉദുമ : മണല്‍ക്കടത്ത് രൂക്ഷമായപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ രംഗത്തിറങ്ങി. രണ്ട് ഫൈബര്‍ തോണികളും ടിപ്പര്‍ ലോറിയും പിടികൂടി പോലീസിനു കൈമാറി. തോണികള്‍ പിന്നീട് പോലീസ് മണ്ണുമാന്തി ഉപയോഗിച്ച് തകര്‍ത്തു. തുടര്‍ന്ന് മറ്റൊരു ലോറിയും കൂടി പോലീസ് പിടികൂടി.
ബേക്കല്‍ പാലത്തിന് കിഴക്കുഭാഗത്ത് ബി.ആര്.ഡി.സി. ഉപേക്ഷിച്ച ബോട്ടുജെട്ടിയോട് ചേര്‍ന്നാണ് സംഭവം. അഴിമുഖത്തുനിന്ന് മണല്‍ ചാക്കുകളില്‍ നിറച്ച് തോണിയില്‍ കയറ്റി ബേക്കല്‍ പുഴ വഴി ഉപേക്ഷിക്കപ്പെട്ട ബോട്ടുജെട്ടിയിലെത്തിക്കും. ഇവിടെനിന്ന് ടിപ്പര്‍ ലോറിയില്‍ കയറ്റി മണല്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ഇതാണ് മണല്‍ക്കടത്ത് സംഘത്തിന്റെ രീതി.
ഞായറാഴ്ച പുലര്‍ച്ചെ കടലില്‍ തോണിയിറക്കാന്‍ പോകും വഴി മത്സ്യത്തൊഴിലാളികള്‍ ലോറിയും മണല്‍ കയറ്റുന്ന അതിഥിത്തൊഴിലാളികളേയും കണ്ടു. ഇതേതുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കൂടുതല്‍ ആള്‍ക്കാരെ കൂട്ടി മണല്‍ക്കടത്ത് തടഞ്ഞു.
ഇതിനിടയില്‍ അതിഥിത്തൊഴിലാളികള്‍ രക്ഷപ്പെട്ടു. മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച് നാട്ടുകാരെ അപായപ്പെടുത്തി സംഘം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ടിപ്പര്‍ പുഴയിലേക്ക് മൂക്കുകുത്തുകയായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ബഹളത്തിനിടയില്‍ ഡ്രൈവറും രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ ബേക്കല്‍ ഡിവൈ.എസ്.പി. കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഈ വാഹനവും തുടര്‍ന്നുള്ള നീക്കത്തില്‍ മറ്റൊരു ലോറിയും കൂടി കസ്റ്റഡിലിലെടുത്തു.
പിടികൂടിയ തോണികള്‍ മണ്ണുമാന്തി ഉപയോഗിച്ച് നശിപ്പിച്ചു മറുനാടന്‍തൊഴിലാളികളെ ഉപയോഗിച്ചാണ് ഇവിടെനിന്ന് മണല്‍ കടത്തുന്നത്.
ബേക്കല്‍ അഴിമുഖം, ബേക്കല്‍ കോട്ടയുടെ വടക്കുഭാഗം, തൃക്കണ്ണാട്, കോടിക്കടപ്പുറം തുടങ്ങിയ പ്രദേശത്ത് മണല്‍ക്കടത്ത് വ്യാപകമാണ്. ഇത് തടയാന്‍ ശ്രമിച്ച് പലര്‍ക്കും വധഭീഷണി ഉണ്ടായിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.
അഴിമുഖത്തുനിന്ന് മണല്‍ കടത്തുന്നതിനാല്‍ കടല്‍വെള്ളം പുഴയിലേക്ക് കയറി സമീപത്തെ കിണറുകളില്‍ ഉപ്പുവെള്ളം നിറഞ്ഞാതായും ഈ പ്രദേശത്തെ 300 ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുട്ടുന്നതായും പരാതിയുണ്ട്.
മണല്‍ക്കടത്ത് ശക്തമായ മേഖലയില്‍ രാത്രികാലങ്ങളിലുള്‍പ്പെടെ പരിശോധന ശക്തമാക്കുമെന്ന് ബേക്കല്‍ ഡിവൈ.എസ്.പി. അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വാഹന ഉടമകള്‍ക്കെതിരേയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സംഘം ചേര്‍ന്നതിന് നാട്ടുകാര്‍ക്കെതിരേയും മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡിവൈ.എസ്.പി. അറിയിച്ചു. ബി.ആര്.ഡി.സി.യുടെ ഉപേക്ഷിക്കപ്പെട്ട ബോട്ടുജെട്ടിയിലേക്കുള്ള പാത പോലീസ് മണ്ണുമാന്തി ഉപയോഗിച്ച് കീറി വാഹനങ്ങള്‍ക്ക് പുഴക്കരയിലേക്ക് എത്താന്‍ പറ്റാത്ത വിധത്തിലാക്കി.