മുളിയാര്‍ സി.എച്ച്.സി.ക്ക്: ആശ്വാസമായി ആംബുലന്‍സുകളെത്തും ഉണ്ണിത്താനും ആംബുലൻസ് നൽകും.
കാസർകോട് : സാങ്കേതികക്കുരുക്കിലും ഡ്രൈവറില്ലാത്തതിനാലും മുളിയാര്‍ സി.എച്ച്.സിക്ക് മുന്നില്‍ നോക്കുകുത്തിയായി കിടന്നിരുന്ന ആംബുലന്‍സ് ഉപയോഗിക്കുന്നതിന് നടപടി. എന്‍ഡോസള്‍ഫാന്‍ രോഗികളുടെ ആവശ്യങ്ങള്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ എട്ടുവര്‍ഷം മുന്‍പ് മുളിയാര്‍ പഞ്ചായത്തിന് അനുവദിച്ച ആംബുലന്‍സാണ് ഇതുവരെയായും കാര്യക്ഷമമായി ഉപയോഗപ്പെടുത്താതെ കിടന്നിരുന്നത്.
ആംബുലന്‍സിന് ഡ്രൈവറെ നിയമിക്കാത്തതാണ് പ്രശ്നമായത്. ബഡ്സ് സ്കൂളിലെ ഡ്രൈവറുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തി അപൂര്‍വമായി മാത്രമാണ് ആംബുലന്‍സ് ഉപയോഗിച്ചുവരുന്നത്. സി.എച്ച്.സി.യുടെ ആവശ്യങ്ങള്‍ക്ക് നിലവിലുള്ള ആംബുലന്‍സ് ഉപയോഗപ്പെടുത്തുന്നതിന് കളക്ടറുടെ അനുമതിയായതോടെയാണ് സാങ്കേതികക്കുരുക്ക് അഴിഞ്ഞത്. പഞ്ചായത്ത് പ്രസിഡന്റ് പി.വി.മിനി കഴിഞ്ഞ 29-ന് നല്കിയ അപേക്ഷയെത്തുടര്‍ന്നാണ് കളക്ടര്‍ അടിയന്തര അനുമതി നല്‍കിയത്.
ഡ്രൈവറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുമെന്നും കോവിഡ് വ്യാപനഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സി.എച്ച്.സിക്കായി ഒരു ആംബുലന്‍സുകൂടി വാടകയ്ക്ക് എടുക്കുമെന്നും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു പറഞ്ഞു. തിങ്കളാഴ്ച ചേരുന്ന കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ ആംബുലന്‍സ് വാടകയ്ക്ക് എടുക്കുന്നതിന് തീരുമാനമുണ്ടാകുമെന്നറിയുന്നു.
ആംബുലന്‍സ് സേവനം ഇല്ലാത്തതിനെ തുടര്‍ന്നുള്ള രോഗികളുടെ പ്രയാസം സംബന്ധിച്ച് കഴിഞ്ഞദിവസം പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്തും ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. കോവിഡിന്റെ അതിവ്യാപനഘട്ടത്തില്‍ ബ്ലോക്ക് ലെവല്‍ കണ്‍ട്രോള്‍സെല്‍ പ്രവര്‍ത്തിക്കുന്ന മുളിയാര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ആംബുലന്‍സ് ഇല്ലാത്തത് രോഗികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. പ്രതിദിനം മൂന്നൂറോളം പേരാണ് ചികിത്സയ്ക്കായി ആസ്പത്രിയിലെത്തുന്നത്.
എന്‍ഡോസള്‍ഫാന്‍ രോഗികളേറെയുള്ള മുളിയാറില്‍ സി.എച്ച്.സി. കേന്ദ്രീകരിച്ച് ഒരുവര്‍ഷം മുന്‍പ് 108 ആംബുലന്‍സ് അനുവദിച്ച് ഉദ്ഘാടനം നിര്‍വഹിച്ചുവെങ്കിലും ആരോഗ്യവകുപ്പ് തിരിച്ചെടുക്കുകയായിരുന്നു.
എം.പി.യും ആംബുലന്‍സ് നല്‍കും
:ആംബുലന്‍സ് ഇല്ലാത്തതിനെ തുടര്‍ന്ന് മുളിയാര്‍ സി.എച്ച്.സി.യില്‍ രോഗികള്‍ അനുഭവിക്കുന്ന പ്രയാസത്തിന് അറുതിവരുത്താന്‍ എം.പിയുടെ കൈത്താങ്ങ്. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി.യുടെ പ്രാദേശിക വികസനനിധിയില്‍നിന്ന് വാങ്ങുന്ന മൂന്ന് ആംബുലന്‍സുകളില്‍ ഒന്ന് മുളിയാര്‍ സി.എച്ച്.സി.ക്ക് നല്‍കും.
44 ലക്ഷം രൂപ ചെലവിലാണ് എം.പി.യുടെ പ്രാദേശിക നിധിയില്‍നിന്ന് മൂന്ന് ആംബുലന്‍സുകള്‍ വാങ്ങുന്നത്. കാസര്‍കോട് ജനറല്‍ ആസ്പത്രിക്കും മംഗല്പാടി താലൂക്ക് ആസ്പത്രിക്കുമാണ് മറ്റ് ആംബുലന്‍സുകള്‍ നല്‍കുക. ആംബുലന്‍സ് വാങ്ങുന്നതിന് കഴിഞ്ഞ ദിവസം ഭരണാനുമതി ലഭിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആംബുലന്‍സ് വാങ്ങുന്നതിനായുള്ള തുടര്‍നടപടികള്‍ക്ക് വേഗത്തിലാക്കി. ആംബുലന്‍സിനായുള്ള ഏറെക്കാലത്തെ ജനകീയ ആവശ്യത്തിന് ഇതോടെ പരിഹാരമാകും.