സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ രണ്ടാം ദിവസം; പഴുതടച്ച നടപടികളുമായി പൊലീസ്
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ രണ്ടാം ദിവസത്തിലേക്ക്. പൊലീസ് പരിശോധന കര്‍ശനമാക്കുകയാണ്. തമിഴ്നാട്ടില്‍ നിന്ന് ഊടുവഴികളിലൂടെ ആളുകള്‍ കേരളത്തിലേക്ക് കടക്കുന്നുണ്ട്. പാലക്കാട് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം അടിയന്തരാവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് പൊലീസ് പാസ് നല്‍കിത്തുടങ്ങി. നിശ്ചിത സ്ഥലത്തേക്ക് നിശ്ചിത സമയത്ത് പോയി വരാനുള്ള പാസാണ് നല്‍കുന്നത്. ആ സ്ഥലത്തേക്ക് മാത്രമേ യാത്ര പാടുള്ളൂ. പാസ് ലഭിക്കുന്ന വ്യക്തിക്കു മാത്രമാണ് യാത്ര. മറ്റൊരാളെ കൂട്ടാനാവില്ല.
പാസ് കൈവശമില്ലാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും.അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, രോഗിയെ ചികിത്സയ്ക്കായി കൊണ്ടുപോകല്‍ മുതലായവയ്ക്കു മാത്രമേ ജില്ലവിട്ട് യാത്ര അനുവദിക്കൂ. വാക്സിനേഷനു പോകുന്നവര്‍ക്കും അത്യാവശ്യസാധനങ്ങള്‍ വാങ്ങാന്‍ തൊട്ടടുത്തുളള കടകളില്‍ പോകുന്നവര്‍ക്കും സത്യവാങ്മൂലം മതി.
പാസ് ലഭിക്കാന്‍
പൊലീസിന്റെ pass.bsafe.kerala.gov.in എന്ന വെബ്സൈറ്റ് ഉപയോഗിക്കുക
‘പാസ് ‘ എന്നതിനു താഴെ പേര്, വിലാസം, വാഹനത്തിന്റെ നമ്ബര്‍, പോകേണ്ട സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്ബര്‍ നല്‍കണം
അവശ്യ വിഭാഗത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ക്കുവേണ്ടി തൊഴില്‍ദായകര്‍ക്കും അപേക്ഷിക്കാം.
വീട്ട് ജോലിക്ക് പോകുന്നവര്‍ പോകുന്ന വീട് കാണിച്ച് അപേക്ഷിക്കണം. വീട്ടുടമയ്ക്കും പാസെടുത്ത് നല്‍കാം.
വെബ്സൈറ്റില്‍ നിന്നു പാസ് ഡൗണ്‍ലോഡ് ചെയ്യാം.
പാസിനോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡും കരുതണം.