ഒരാള്‍ക്കും ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുത്, പട്ടിണി കിടക്കാനിടയുള്ളവരുടെ പട്ടിക വാര്‍ഡ് സമിതികള്‍ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ മൂലം സംസ്ഥാനത്ത് ഒരാള്‍ക്കും ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുതെന്നും പട്ടിണി കിടക്കാനിടവരുന്നവരുടെ പട്ടിക വാര്‍ഡ് സമിതികള്‍ തയ്യാറാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു.ലോക്ക്ഡൗണില്‍ മരുന്നും അവശ്യവസ്തുക്കളും ആവശ്യമുള്ളവര്‍ക്ക് അതെത്തിച്ചു കൊടുക്കണം. പട്ടിണി കിടക്കാനിടവരുന്നവരുടെ പട്ടിക വാര്‍ഡ് സമിതികള്‍ തയ്യാറാക്കണം. ഏതെങ്കിലും യാചകര്‍ ചില പ്രദേശങ്ങളിലുണ്ടെങ്കില്‍ അവര്‍ക്ക് ഭക്ഷണം ഉറപ്പാക്കണം. എല്ലാവര്ക്കും ഭക്ഷണം ഉറപ്പാക്കുന്ന സമീപനം സ്വീകരിക്കണം.പട്ടണങ്ങളിലും മറ്റും വീടുകളിലല്ലാതെ കഴിയുന്ന ഒട്ടേറെ പേരുണ്ട്. അത്തരമാളുകള്‍ക്ക് ഭക്ഷണം ലഭിക്കുമെന്നുറപ്പുണ്ടാകണം. ജനകീയ ഹോട്ടലുള്ളിടത്ത് അതുവഴി ഭക്ഷണം നല്‍കാനാകും. മറ്റിടങ്ങളില്‍ സമൂഹ അടുക്കള ആരംഭിക്കാനാവണം.ആദിവാസി മേഖലയില്‍ പ്രത്യേക ശ്രദ്ധ വേണം. അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗ വ്യാപന സാധ്യത കൂടുതലാണ്. അവിടെ പ്രത്യേക ശ്രദ്ധ വേണം. പരിശോധനയില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ആരെയും അനുവദിക്കരുത്.ഭക്ഷണ പ്രശ്നം തദ്ദേശ സ്വയംഭരണ സമിതികള്‍ ശ്രദ്ധിക്കണം. അവര്‍ നടപടി സ്വീകരിക്കണം.ഓരോ തദ്ദേശ സ്ഥാപനത്തിനും രോഗികളുടെ ആവശ്യത്തിന് ഗതാഗത പ്ലാനുണ്ടാകണം. ആംബുലന്‍സ് മാത്രമല്ല മറ്റ് വാഹനങ്ങളും ഉപയോഗിക്കണം. പഞ്ചായത്തില്‍ 5 നഗരസഭയില്‍ പത്ത് എന്ന രീതിയില്‍ വാഹനങ്ങളുണ്ടാവണമെന്നും മുഖ്യമന്ത്രി നിര്‍ദദേശിച്ചു.വാര്‍ഡ് തല നിരീക്ഷണ സമിതികള്‍ അവരുടെ വാര്‍ഡിലെ വീടുകള്‍ സന്ദര്‍ശിച്ച് പൊതുവായ വിലയിരുത്തല്‍ നടത്തേണ്ടത് അനിവാര്യമാണ്. വ്യാപനത്തിന്റെ ശരിയായ നില മനസ്സിലാക്കി പഞ്ചായത്ത് തലത്തിലോ മുനിസിപ്പാലിറ്റി – കോര്പ്പറേഷന് തലത്തിലോ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് റിപ്പോര്‍ട്ട് ചെയ്യണം ഓരോ കുടുംബവും ഓരോ വ്യക്തിയും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമുണ്ട്. ഇതിന്റെ ഉത്തരവാദിത്വവും വാര്‍ഡ് തല സമിതികള്‍ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്തു പടരുന്നത് തീവ്രവ്യാപന സ്വഭാവമുള്ള വൈറസാണെന്ന് മുഖ്യമന്ത്രി പിറണായി വിജയന്. രണ്ടാം തരംഗത്തില്‍ നേരിടുന്നത് വലിയ വെല്ലുവിളിയാണ്. 45ന് താഴെ പ്രായമുള്ളവരുടെ വാക്സിനേഷന് ആരംഭിച്ചു. വാക്സീന് സ്വീകരിച്ചാലും ജാഗ്രത തെല്ലും കുറയ്ക്കാനാവില്ല. ടിപിആര്‍ കൂടിയ സ്ഥലങ്ങളില്‍ ജാഗ്രത വേണം. പള്‍സ് ഓക്സിമീറ്ററിനും മാസ്കിനും കൊള്ളവില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.
കോവിഡ് രോഗികളുടെ ചികിത്സ ഏകോപിപ്പിക്കാന്‍ പ്രാദേശിക കണ്ട്രോള് റൂമുകള്‍ തുറക്കും. താഴേത്തട്ടിലെ നിരീക്ഷണവും പ്രതിരോധവും ബോധവല്‍ക്കരണവും പ്രധാനമാണ്. ഈ ഉത്തരവാദിത്തം വാര്‍ഡുതല സമിതികള്‍ നിറവേറ്റണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളും വാര്‍ഡുതല സമിതികള്‍ രൂപീകരിക്കണം.
വീടുകളില്‍ കഴിയുന്ന രോഗികളെ സമിതികള്‍ കര്‍ശനമായി നിരീക്ഷിക്കണം. വാര്‍ഡുതല സമിതികള്‍ കാര്യക്ഷമമാക്കാന്‍ അലംഭാവം പാടില്ല. ചികിത്സാ സൗകര്യം കുറഞ്ഞ തദ്ദേശ സ്ഥാപനങ്ങള്‍ അതിന് ഉടന്‍ നടപടിയെടുക്കണം. വാര്‍ഡതല സമിതികള്‍ കുറഞ്ഞത് 5 പള്‍സ് ഓക്സിമീറ്ററുകള്‍ കരുതണം മുഖ്യമന്ത്രി പറഞ്ഞു.