കടിച്ചു തൂങ്ങിയാല്‍ അടിച്ചിറക്കും:പാര്‍ട്ടിയെ വെന്റിലേറ്ററിലാക്കി ഇനി ശവദാഹം കൂടി നടത്തിയേ മാറുകയുള്ളു?മുല്ലപ്പള്ളിയ്ക്കെതിരെ പോസ്റ്റര്‍
തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്ററുകള്‍. കടിച്ചു തൂങ്ങിയാല്‍ അടിച്ചിറക്കേണ്ടി വരുമെന്നും പാര്‍ട്ടിയെ വെന്റിലേറ്ററിലാക്കി ഇനി ശവദാഹം കൂടി നടത്തിയേ മാറുകയുള്ളുവെന്നുമാണ് തിരുവനന്തപുരത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
കെപിസിസിയിലെ സുഖ ജീവിതം അവസാനിപ്പിക്കണമെന്നും പോസ്റ്ററുകളുണ്ട്. അച്ചി ഭരണം അവസാനിപ്പിക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ എംഎല്‍എ ഹോസ്റ്റലിന് മുന്നിലാണ് പോസ്റ്ററുകള്‍ ഒട്ടിച്ചിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം ശക്തമായിരിക്കുകയാണ്. അതിനിടെ തോല്‍വിയുടെ ഉത്തരവാദിയായി എല്ലാവരും തന്നെ മുദ്രകുത്തുകയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചിരുന്നു. തോല്‍വിയ്ക്ക് കാരണം താനല്ലെന്നും എല്ലാവര്ക്കും പങ്കുണ്ടെന്നും മുല്ലപ്പള്ളി ഇന്ന് പറഞ്ഞിരുന്നു.