കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെ മൃതദേഹം സംസ്കരിച്ചു: ചടങ്ങില്‍ പങ്കെടുത്ത 21 പേര് മരണത്തിന് കീഴടങ്ങി
ജയ്പൂര്‍: കൊറോണ ബാധിച്ച് മരിച്ച ആളുടെ മൃതദേഹം മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്കരിച്ചതിന് പിന്നാലെ ഗ്രാമത്തിലെ 21 പേര് മരണത്തിന് കീഴടങ്ങി. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ഖീര്‍വ ഗ്രാമത്തിലാണ് സംഭവം. ഏപ്രില്‍ 21ന് കൊറോണ ബാധിച്ച് മരിച്ച ആളുടെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുവരികയും 150 ഓളം പേര് അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ നിന്ന് പുറത്തെടുത്ത് നിരവധി ആളുകള്‍ അതില്‍ സ്പര്‍ശിക്കുകയും ചെയ്തു. ഈചടങ്ങില്‍ പങ്കെടുത്ത 21 പേരാണ് അടുത്ത ദിവസങ്ങളിലായി മരിച്ചത്. അതേസമയം ഏപ്രില്‍ 15നും മേയ് അഞ്ചിനും ഇടയിലുണ്ടായ നാല് മരണങ്ങള് മാത്രമാണ് കൊറോണയെ തുടര്‍ന്നെന്ന് സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം ഇവിടെ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ മരിച്ചവരുടെ ബന്ധുക്കളായ 147 പേരുടെ സാമ്പിള്‍ എടുത്തിട്ടുണ്ട്. അധികൃതര്‍ ഗ്രാമത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രശ്നത്തിന്റെ കാഠിന്യം ഗ്രാമവാസികളെ അറിയിക്കുകയും അവര്‍ സഹകരിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.