സെക്രട്ടറിയായി കോടിയേരി തിരികെ വരുന്നു, മൗനം തുടര്‍ന്ന് ഇ.പി പ്രത്യേക പദവികളൊന്നും ഇല്ലാതെ ശ്രീമതിയും പി.ജയരാജനും;
കണ്ണൂര്‍ : ഇടതുമുന്നണിയുടെ ചരിത്രവിജയത്തിനു പിന്നാലെ മന്ത്രിസഭാ രൂപീകരണചര്‍ച്ചകളില്‍ സജീവമായി സി.പി.എം. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എന്നാല്‍ പിണറായി മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി. ജയരാജന് ഇപ്പോഴും മൗനത്തില്‍. ഘടകകക്ഷികളുമായുള്ള ചര്‍ച്ചകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന് എന്നിവരാണ് സി.പി.എം. നേതൃത്വത്തില്‍നിന്ന് പങ്കെടുക്കുന്നത്. സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് കോടിയേരി തിരിച്ചെത്താനുള്ള സാധ്യതകളാണ് ഇത് സൂചിപ്പിക്കുന്നത്.
ആരോഗ്യവാനാകുമ്പോള്‍ സെക്രട്ടറി പദത്തിലേക്ക് തിരികെയെത്തുമെന്ന് കോടിയേരി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ അവസരം ലഭിക്കാതെ പോയ ഇ.പി. ജയരാജന് സെക്രട്ടറി പദവിയില്‍ കണ്ണുണ്ട്. എന്നാല്‍ ആഴക്കടല്‍ കരാറിലെ ചില ഇടപാടുകളുടെ പേരില്‍ മുഖ്യമന്ത്രിക്ക് ഇ.പിയോട് അതൃപ്തിയുണ്ടെന്നുള്ള സൂചനകളും ലഭിക്കുന്നുണ്ട്. താന്‍ അവഗണിക്കപ്പെടുന്നതായി തോന്നലുള്ള ജയരാജന് എല്ലാത്തിനോടും ഇടഞ്ഞുനില്‍ക്കുകയാണ്.
വഴിവിട്ടു ബന്ധുനിയമനം നടത്തിയ മന്ത്രി കെ.ടി. ജലീലിനു പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നു ലോകായുക്ത വിധിച്ചിട്ടും അവസാന നിമിഷം വരെ പിന്തുണ നല്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെയും പാര്‍ട്ടി നേതൃത്വത്തിന്റെയും നിലപാടിനെതിരേയും ഇ.പി. ജയരാജനു പ്രതിഷേധമുണ്ടായിരുന്നു. ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി ഇ.പി. ജയരാജനെ രാജിവയ്പിക്കാന്‍ പിണറായിയും കോടിയേരിയുമാണ് മുന്‍കൈയെടുത്തത്. ഇ.പിയോടു പാര്‍ട്ടി കാണിച്ച ഇരട്ടത്താപ്പ് കണ്ണൂരിലെ ഒരു വിഭാഗം അണികളും സജീവ ചര്‍ച്ചയാക്കിയിരുന്നു.
വി.എസ്.-പിണറായി വിഭാഗീയത ഉള്‍പ്പെടെ ഔദ്യോഗിക പക്ഷത്തെ പ്രതിരോധത്തിലാക്കിയ കാലത്ത് പിണറായി വിജയന് പിന്നില്‍ പാറപോലെ ഉറച്ചു നിന്ന ഒരുപിടി നേതാക്കളാണ് കണ്ണൂരിലുള്ളത്. ഇവരില്‍ മിക്കവരും ഇപ്പോള്‍ സുപ്രധാന പദവികളില്ലാതെ നില്‍ക്കുകയാണ്. ഇ.പി. ജയരാജനെ പോലുള്ള ഉന്നത നേതാക്കളെ എവിടെ ഉള്‍ക്കൊള്ളിക്കും എന്നത് പാര്‍ട്ടി നേരിടാന്‍ പോകുന്ന പ്രതിസന്ധിയാണ്. ഇ.പിക്കും പി.കെ. ശ്രീമതിക്കും പി.ജയരാജനും എന്തു ചുമതലകളായിരിക്കുമെന്ന ചോദ്യം കണ്ണൂരില്‍ സജീവമായി ഉയരുന്നുണ്ട്.
തെരഞ്ഞെടുപ്പിലെന്ന പോലെ വരാനിരിക്കുന്ന പാര്‍ട്ടി സമ്മേളനത്തിലും പിണറായി തരംഗം വീശിയടിച്ചാല്‍ ഈ നേതാക്കളുടെ രാഷ്ട്രീയ ഭാവിയുടെ കാര്യത്തിലും അന്തിമ തീരുമാനം പിണറായി വിജയന്റേതായിരിക്കും. വരുന്ന ജൂലായ് മുതലാണ് സംസ്ഥാനത്ത് സി.പി.എമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങുക. ഒക്ടോബറില്‍ ലോക്കല്‍ സമ്മേളനങ്ങളും ഡിസംബറില്‍ ഏരിയാ സമ്മേളനങ്ങളും അടുത്ത വര്‍ഷം ജനുവരിയില്‍ ജില്ലാ സമ്മേളനങ്ങളും ഫെബ്രുവരിയോടെ സംസ്ഥാന സമ്മേളനങ്ങളും നടക്കും.
കഴിഞ്ഞ വര്‍ഷം നടക്കേണ്ട സമ്മേളനങ്ങള്‍ കോവിഡിന്റെയും തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പിന്റെയും പേരില്‍ മാറ്റിവച്ചിരിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ യുവനേതൃ നിരയെ കൊണ്ടുവരാനായിരിക്കും പിണറായിക്കും കേന്ദ്ര നേതൃത്വത്തിനും താത്പര്യം.
സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം ജയിംസ് മാത്യു, മുന്‍ രാജ്യസഭാംഗം കെ.കെ. രാഗേഷ്, മുന്‍ പൊളിറ്റക്കല്‍ സെക്രട്ടറി പി. ശശി, ടി.വി. രാജേഷ് എന്നിവരുടെ പേരുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുമായി ബന്ധപ്പെട്ട് സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്.
ഇവരില്‍ ആരെ നിയോഗിക്കണമെന്നത് പിണറായിയുടെ താത്പര്യത്തിന് അനുസരിച്ച് തിരുമാനിക്കും. കെ.കെ രാഗേഷ് പിണറായിയുടെ ഏറ്റവും അടുപ്പക്കാരിലൊരാളാണ്. രാഗേഷിന് രാജ്യസഭയിലേക്കു രണ്ടാമൂഴം ലഭിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും നടന്നില്ല. സി.പി.എം. കേന്ദ്ര നേതൃത്വവും രാഗേഷിന് രണ്ടാമൂഴം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും മാറ്റി നിര്‍ത്തുകയായിരുന്നു. ഈ സാഹചര്യത്തില്‍ രാഗേഷിന്റെ കാര്യത്തില്‍ പിണറായിക്ക് പ്രത്യേക താത്പര്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ചുമതലയിലേക്കു പരിഗണിക്കപ്പെടുന്നവരില്‍ മറ്റൊരാള്‍. നേരത്തെ കണ്ണുര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ ഡി.വൈ.എഫ്.ഐ മുന്‍ നേതാവിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ സ്ഥാനം തെറിച്ച പി.ശശി പിന്നിട് ഏറെക്കാലം പാര്‍ട്ടിയുടെ മുഖ്യധാരയിലുണ്ടായിരുന്നില്ല. .
ഈ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ ശശി നിലവില്‍ പാര്‍ട്ടി കണ്ണുര്‍ ജില്ലാ കമ്മിറ്റിയംഗവും ലോയേഴ്സ് യൂനിയന്‍ സംസ്ഥാന നേതാവുമാണ്. ഇക്കുറി ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ചീഫ് ഇലക്ഷന് ഏജന്റ് പി.ശശിയായിരുന്നു. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന് തന്നെ പൊളിറ്റക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്താനും സാധ്യതയുണ്ട്. കഴിഞ്ഞ തവണ എം.വി ജയരാജന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ അംഗീകരിക്കപ്പെട്ടിരുന്നു.