ഇങ്ങനെ ഗോമൂത്രം കുടിക്കൂ, എല്ലാവരും കൊവിഡിൽ നിന്ന് രക്ഷപ്പെടൂ; വിചിത്രവാദവുമായി ഉത്തർപ്രദേശിലെ എംഎൽഎ
ലക്നൗ: ഗോമൂത്രം കുടിച്ചാൽ കൊവിഡിനെ പ്രതിരോധിക്കാമെന്ന് ഉത്തർപ്രദേശിലെ ബി ജെ പി എം എൽ എ സുരേന്ദ്ര സിംഗ്. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ബല്ലിയ ജില്ലയിലെ ബയിരിയ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് സുരേന്ദ്ര സിംഗ്.സുരേന്ദ്ര സിംഗ് ഗോമൂത്രം കുടിക്കുന്നതും, എല്ലാവരും ഇത് അനുകരിക്കണമെന്ന് പറയുന്നതുമാണ് വീഡിയോയിലുള്ളത്. ആരോഗ്യത്തിന് ഗോമൂത്രം മികച്ച ഔഷധമാണെന്നും, പൊതുപ്രവർത്തകൻ എന്ന നിലയിൽ ദിവസം 18 മണിക്കൂർ ജോലി ചെയ്തിട്ടും താൻ ഊർജസ്വലനായിരിക്കുന്നതിന് കാരണം ഗോമൂത്രമാണെന്നുമാണ് ഇയാൾ പറയുന്നത്.രാവിലെ വെറും വയറ്റിൽ ഗോമൂത്രം വെള്ളത്തിൽ ചേർത്ത് കുടിക്കണം. അര മണിക്കൂർ കഴിഞ്ഞതിന് ശേഷമേ ആഹാരം കഴിക്കാവൂ.കൊവിഡിനെതിരെ മാത്രമല്ല, ഹൃദ്രോഗമുൾപ്പടെ പല രോഗങ്ങൾക്കും ഈ പാനീയം വളരെ ഫലപ്രദമാണ്. ഈ സന്ദേശം ലോകം മുഴുവൻ പ്രചരിപ്പിക്കണം. അങ്ങനെ എല്ലാവരും കൊവിഡിൽ നിന്ന് രക്ഷപ്പെടണമെന്നുമാണ് ഇയാൾ പറയുന്നത്. അതേസമയം ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള സന്ദേശങ്ങൾ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുള്ളവർ പ്രചരിപ്പിക്കരുതെന്നും, എംഎൽ.എയ്ക്കെതിരെ നടപടിയെടുക്കണമെന്ന് സമൂഹമാദ്ധ്യമങ്ങളിൽ ആവശ്യപ്പെടുന്നവരുമുണ്ട്