ഇരട്ടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മോഷണം: 29 ലാപ്ടോപ്പുകള് കവര്‍ന്നു
കണ്ണൂര്‍: ഇരട്ടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് 29 ലാപ്ടോപ്പുകള് മോഷണം പോയി. ഐടി പരീക്ഷ നത്തുന്നതിനായാണ് ഇത്രയും ലാപ്ടോപ്പുകള് റൂമില്‍ സജ്ജീകരിച്ചത്. ലാബില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ ലാപ്ടോപ്പുകളും മോഷ്ടാക്കള്‍ കവര്‍ന്നു.
സ്കൂളിന്റെ പിറക് വശത്തുള്ള ഗ്രില്‍സ് തകര്‍ത്ത് സ്കൂളിനുള്ളില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ തൊട്ടടുത്ത കംപ്യൂട്ടര്‍ ലാബിന്റെ മുറിയുടെ ഗ്രില്ലിന്റേയും വാതിലിന്റേയും പൂട്ട് തകര്‍ത്താണ് ഉള്ളില്‍ കയറിയത്. വാക്സിനേഷന് സെന്ററായി നഗരസഭ സ്കൂള്‍ ഏറ്റെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തനം അനിശ്ചിത കാലത്തേയ്ക്ക് നിര്‍ത്തി വച്ചിരുന്നു.
ഇന്നലെ സ്കൂള്‍ ജീവനക്കാര്‍ സ്കൂളിലെ പ്രധാന മുറികള്‍ പരിശോധിക്കവെയാണ് ലാപ്ടോപ്പുകള് നഷ്ടമായത് തിരിച്ചറിഞ്ഞത്. 25000 രൂപ മുതല്‍ 280000 രൂപ വരെ വിലമതിയ്ക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് പല ഘട്ടങ്ങളായി നല്കിയ ലാപ്ടോപ്പാണ് മോഷണം പോയത്. ഇതെല്ലാം കൂടി എട്ട് ലക്ഷത്തോളം രൂപ വിലവരും.
കണ്ണൂരില്‍ നിന്ന് ഡോഗ് സ്ക്വാഡും ഫൊറെന്‍സിക് വിദഗ്ധരും സ്കൂളിലെത്തി പരിശോധന നടത്തും. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്തും സ്കൂളില്‍ മോഷണം നടന്നിരുന്നു. അന്ന് രണ്ട് കംപ്യൂട്ടറും രണ്ട് ലാപ്ടോപ്പും യുപിഎസുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.