‘ഇത് മനസിലാക്കാനുള്ള കമ്യൂണിസ്റ്റ് വളര്‍ച്ച എനിക്കില്ല’; എ.കെ.ജി സെന്ററിലെ കരിമരുന്ന് പ്രയോഗത്തില്‍ വിമര്‍ശനവുമായി ഹരീഷ് പേരടി
കോഴിക്കോട്: തെരഞ്ഞെടുപ്പിന്റെ വിജയ ദിവസം എ.കെ.ജി സെന്ററില്‍ കരിമരുന്ന് പ്രയോഗം നടത്തിയതില്‍ സി.പി.ഐ.എമ്മിനെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
38460 പുതിയ കൊവിഡ് രോഗികളും, 54 കൊവിഡ് മരണങ്ങളും ഉണ്ടായ ദിവസം ഉത്തരവാദിത്തപ്പെട്ട ഒരുപാര്‍ട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗത്തെ മനസിലാക്കാനുള്ള കമ്യൂണിസ്റ്റ് വളര്‍ച്ച തനിക്ക് ഇല്ല എന്നാണ് ഹരീഷ് പേരടി പറഞ്ഞത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായാണ് വിജയ ദിവസം വീട്ടില്‍ ദീപം തെളിയിച്ച് ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചത്.
ക്ലിഫ് ഹൗസില്‍ മെഴുകുതിരികള്‍ കത്തിച്ചുവെച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയും കുടുംബവും സന്തോഷത്തില്‍ പങ്കു ചേര്‍ന്നത്.
തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ വലിയ രീതിയിലുള്ള കരിമരുന്ന് പ്രയോഗമാണ് നടന്നത്. ഈ പശ്ചാത്തലത്തിലാണ് ഹരീഷിന്റെ വിമര്‍ശനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
പാവപ്പെട്ട സഖാക്കള്‍ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചതു മനസ്സിലാക്കാനുള്ള കമ്മ്യൂണിസമേ എനിക്കറിയുകയുള്ളു…പി.പി.ഇ കിറ്റ് അണിഞ്ഞ് ആബുലന്സിന്റെ സമയത്തിന് കാത്തു നില്‍ക്കാതെ ബൈക്കില്‍ കൊണ്ടുപോയി ഒരു കൊവിഡ് രോഗിയുടെ ജീവന് രക്ഷിച്ച രണ്ട് ഡി.വൈ.എഫ്.ഐ സഖാക്കളുടെ കമ്മ്യുണിസം എനിക്ക് 101% വും മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്….38460 രോഗികള്‍ പുതുതായി ഉണ്ടായ ദിവസം 54 മരണങ്ങള് നടന്ന ദിവസം ഉത്തരവാദിത്തപ്പെട്ട ഒരു പാര്‍ട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളര്‍ച്ച എനിക്കില്ല…ഒരു പാട് പേജുകള്‍ ഉള്ള തടിച്ച പുസ്തകങ്ങള്‍ വായിക്കാത്തതിന്റെ കുഴപ്പമാണ്…ക്ഷമിക്കുക.