ലോക്ഡൗണില്‍ ആരും പട്ടിണി കിടക്കില്ല; ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കും മുഖ്യമന്ത്രി.
തിരുവനന്തപുരം: ലോക്ഡൗണില്‍ ആരും പട്ടിണി കിടക്കരുതെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടില്‍ എത്തിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
എല്ലായിടത്തും ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കും. ചിലയിടങ്ങളില്‍ ജനകീയ ഹോട്ടലുകളില്‍ വഴി ഭക്ഷണം എത്തിക്കാന്‍ കഴിയും. ജനകീയ ഹോട്ടലുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം തദ്ദേശ സ്ഥാപനങ്ങള്‍ ആരംഭിക്കും. ഇതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ഡൗണ്‍ വേളയില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലീസില്‍ നിന്ന് പാസ് വാങ്ങി പുറത്തിറങ്ങാം. വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് സ്വയം സാക്ഷ്യപത്രത്തോടെ പോവുകയും ചെയ്യാം. എന്നാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയാല്‍ വണ്ടി പിടിച്ചെടുക്കുക മാത്രമല്ല കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി.
18-45 വയസിന് ഇടയിലുള്ളവരുടെ വാക്സിനേഷനായി കേന്ദ്രത്തോട് ആവശ്യപ്പെട്ടതിന്റെ വളരെ ചെറിയ ഭാഗം വാക്സിന് മാത്രമേ ഈ മാസം കിട്ടാന്‍ സാധ്യതയുള്ളു. ഇവ കിട്ടുന്ന മുറയ്ക്ക് മുന്‍ഗണന അനുസരിച്ച് വിതരണം ചെയ്യും. കേന്ദ്രവുമായി തുടര്‍ന്നും ബന്ധപ്പെട്ട് ആവശ്യമായ വാക്സിന് ലഭ്യമാക്കാനുള്ള ഇടപെടലുകള്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.