പാണത്തൂർ-ചെമ്പേരി, സുള്ള്യ-കല്ലപ്പള്ളി അതിർത്തികൾ അടച്ചിടും.
കാഞ്ഞങ്ങാട്:കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കർണാടകയുമായുള്ള പാണത്തൂർ-ചെമ്പേരി അതിർത്തിയും സുള്ള്യ-കല്ലപ്പള്ളി അതിർത്തിയും അടച്ചിടാൻ പനത്തടി ഗ്രാമപഞ്ചായത്തിന്റെ അടിയന്തിര യോഗം തീരുമാനിച്ചു. കർണാടകയിൽ നിന്ന് വരുന്നവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ്/കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് എന്നിവ ഹാജരാക്കണം. അതിർത്തിയിൽ ആരോഗ്യവകുപ്പ്/പോലീസ് എന്നിവർ സംയുക്ത പരിശോധന നടത്താൻ നിർദേശം നൽകി. പ്രസിഡന്റ് പ്രസന്ന പ്രസാദിന്റെ അധ്യക്ഷതയിലണ് അടിയന്തിര യോഗം ചേർന്നത്. ആരാധനാലയങ്ങളി ആൾക്കൂട്ടം കർശനമായി തടയാനും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു മാത്രമേ ചടങ്ങുകൾ നടത്താവൂ എന്നും നിർദേശം നൽകി.
കോളനികളിൽ കോവിഡ് വ്യാപനം തടയുന്നതിന് ആശാവർക്കർമാർ/ എസ്.സി/ എസ്.ടി പ്രമോട്ടർ എന്നിവർ കാര്യക്ഷമമായ ഇടപെടൽ നടത്തും. ലോക്ഡൗൺ കാലത്ത് അവശ്യ സർവ്വീസ് ആയി ജോലി ചെയ്യുന്നവർക്ക് ഭക്ഷണ ലഭ്യത ഉറപ്പ് വരുത്തുന്നതിന് പാണത്തൂർ ജനകീയ ഹോട്ടൽ തുറന്ന് പ്രവർത്തിക്കും.
കച്ചവടക്കാർ നിർബന്ധമായും രണ്ട് മാസ്കുകൾ, കൈയ്യുറകൾ എന്നിവ ധരിക്കണം. കച്ചവടക്കാരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കാനും നടപടി എടുക്കും. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മൈതാനങ്ങളിൽ കുട്ടികൾ കളിക്കുന്നത് തടയാൻ പോലീസ് നടപടി സ്വീകരിക്കണം. അത്യാവശ്യ സാഹചര്യങ്ങൾക്ക് രോഗികളെ കൊണ്ടുപോകാൻ വാഹന സൗകര്യം ഉറപ്പ് വരുത്തും. ജാഗ്രതാ സമതി പ്രവർത്തനം എല്ലാ വാർഡുകളിലും ഊർജ്ജിതപ്പെടുത്തും.