ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തു; ബംഗാളില്‍ രാഷ്ട്രീയ അരാജകത്വം: വി.മുരളീധരന്
ന്യുഡല്‍ഹി: കോവിഡ് ചികിത്സയില്‍ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ എടുത്തിട്ടുണ്ടെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴചകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അത് വിമര്‍ശനമായി കണ്ട് രാഷ്ട്രീയമാക്കുകയാണ്. ബി.ജെ.പി വോട്ടുകച്ചവടം നടത്തിയെന്ന് പറയുന്നത് ദുരാരോപണമാണ്. ജിഹാദികളുടെ പിന്തുണ ആര്‍ക്കാണ് ലഭിച്ചതെന്ന വരും ദിവസങ്ങളില്‍ വ്യക്തമാകും. ബംഗാളില്‍ രാഷ്ട്രീയ അരാജകത്വമാണെന്നും തന്നെ ആക്രമിച്ചവരെ നേരിടാന്‍ പോലീസ് ശ്രമിച്ചാല്‍ കൂത്തുപറമ്പ് സംഭവത്തിന് സമാനമായേനെയെന്നും മുരളീധരന് പറഞ്ഞു.
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഓക്സിജന്‍ സംസ്ഥാനങ്ങള്‍ക്ക് എത്തിച്ച് നല്‍കുന്നുണ്ട്. ട്രെയിന്‍ മാര്‍ഗം മാത്രം 2511 മെട്രിക് ടണ്‍ ഓക്സിജന്‍ ഇതുവരെ ലഭ്യമാക്കി. വിമാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഓക്സിജന്‍ വിതരണം ഊര്‍ജിതമാക്കും.
കേരളത്തിന് ഓക്സിജന്‍ ലഭ്യമാക്കിയ ശേഷം അത് എല്ലാ ഭാഗത്തും എത്തിക്കാന്‍ ടാങ്കറുകള്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഓക്സിജന്‍ ഇറക്കുമതി ചെയ്യാനും വിതരണം ചെയ്യാനും വിദേശകാര്യവകുപ്പിന് നിര്‍ദേശം നല്‍കണമെന്ന് കാണിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഒരു കത്തയച്ചിട്ടുണ്ട്. കയറ്റിറക്കുമതിയുടെ ചുമതല വിദേശകാര്യ വകുപ്പിനാണെന്ന് അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ആ കാര്യം കൈകാര്യം ചെയ്യുന്നത് വിദേശകാര്യ വകുപ്പല്ലെന്ന് അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കട്ടെ. അദ്ദേഹം അത് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഓക്സിജന്‍ പ്ലാന്റുകളെ കുറിച്ച് കഴിഞ്ഞ ദിവസം കേന്ദ്രം അനുവദിച്ച നാല് ഓക്സിജന്‍ പ്ലാന്റുകള്‍ തുടങ്ങാത്തതിനെ കുറിച്ച് താന്‍ പറഞ്ഞിരുന്നു. മുരളീധരന് സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിിയെയും കുറ്റപ്പെടുത്തുന്നുവെന്ന് പലരും വിമര്‍ശിച്ചു. ഇത് കുറ്റപ്പെടുത്തലല്ല, തിരുത്തലുകളാണ്. പി.എം കെയര്‍ ഫണ്ട് ഉപയോഗിച്ച് എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍ക്ക് ഓക്സിജന്‍ പ്ലാന്റ് ഉപയോഗിച്ചിരുന്നു. അവ നല്‍കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും എറണാകുളത്തു മാത്രമാണ് കഴിഞ്ഞ ദിവസം പ്രവര്‍ത്തനം തുടങ്ങിയത്.
സ്വകാര്യ ആശുപത്രികളില്‍ അടക്കം കേവിഡ് ചികിത്സയ്ക്ക് ലഭ്യമായ കിടക്കകളുടെ എണ്ണം പുറത്തുവിടണമെന്ന് താന്‍ പറഞ്ഞിരുന്നു. ഇതൊക്കെ മുഖ്യമന്ത്രിയെ വിമര്ശിക്കുന്നതാഴണന്ന് പറഞ്ഞ് ഇടതുപക്ഷ കോണുകളില്‍ നിന്നുള്ള വിമര്‍ശനം മാധ്യമങ്ങള്‍ കൂടി ഏറ്റെടുക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയിലാണ് ഇത്തരം പ്രശ്നങ്ങള്‍ മാധ്യമങ്ങളിലുടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിക്കുന്നത്.
സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് സംബന്ധിച്ച് 2020 ജൂലായില്‍ കേരളം മാര്‍ഗനിര്‍ദേശം ഇറക്കിയെന്ന് പറയുന്നു. എന്നാല്‍ അത് നടപ്പായിട്ടില്ല. രണ്ടാം തരംഗം രൂക്ഷമായപ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ സ്വകാര്യ ആശുപത്രികളിലെ നിരക്ക് വ്യക്തമാക്കി ഉത്തരവിറക്കി. എന്തുകൊണ്ട് കേരള സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇറക്കിയപോലെ ഒരു ഉത്തരവിറക്കാന്‍ തയ്യാറാകുന്നില്ല. മുഖ്യമന്ത്രിക്കെതിരെ താന്‍ പറയുന്നുവെന്നാണ് വാര്‍ത്ത പറയുന്നത്. മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായോ രാഷ്ട്രീയമായോ പറയുന്നതല്ല, തിരുത്തലുകള്‍ക്ക് ശ്രമിക്കുന്നതാണ്.
തിരഞ്ഞെടുപ്പിനു ശേഷം കേരളത്തില്‍ മുഖ്യപ്രതിപക്ഷമായ പാര്‍ട്ടി നിശബ്ദമാണ്. അതുകൊണ്ടാണ് കേന്ദ്രമന്ത്രിയെന്ന നിലയില്‍ മാധ്യമങ്ങളിലൂടെയും മറ്റും തനിക്ക് ഇത് പറയേണ്ടി വരുന്നത്. ഇത് തന്നെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും പറയുന്നത്. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടുവെങ്കിലും തിരുത്തല്‍ ശക്തിയായി മുന്പില് തന്നെയുണ്ടാകുമെന്നും മുരളീധരന് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് പല കാരണങ്ങളുണ്ട്. ചില വിഭാഗങ്ങളുടെ പിന്തുണ ഇത്തവണ കിട്ടിയില്ല. രാജ്യം മുഴുവനുള്ള ട്രെന്‍ഡ് അത് അസമിലും കേരളത്തിലും ബംഗാളിലുമുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ അത് നേരിടുന്ന സര്‍ക്കാരുകള്‍ക്ക് എന്തെക്കെ പോരായ്മ ഉണ്ടെങ്കിലും അത് തുടരട്ടെ എന്ന ചിന്ത ജനങ്ങളിലുമുണ്ടായി. കോവിഡ് കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമായി ജനം കരുതിയിട്ടുണ്ടാവാം. കേന്ദ്രം നല്കിയ അരി ഉള്‍പ്പെടെ തങ്ങളുടെ ക്ഷേമപ്രവര്ത്തനമാണെന്ന് സംസ്ഥാനം അവകാശപ്പെട്ടിട്ടുണ്ടാവാം. അത് തിരുത്താന്‍ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയിട്ടുണ്ടാകും. അത് പാര്‍ട്ടി ഭാരവാഹി കോര്‍ ഗ്രൂപ്പ് യോഗത്തില്‍ വിലയിരുത്തലുണ്ടാകും.
മുഖ്യമന്ത്രി കോവിഡിന്റെ പേരില്‍ നടത്തുന്ന പത്രസമ്മേളനങ്ങളില്‍ വോട്ട് കച്ചവടത്തെ കുറിച്ച് പറയുമ്പോള്‍ 2016ലേയും 2019ലേയും തിരഞ്ഞെടുപ്പിനെ കുറിച്ച് ചിന്തിക്കണം. സി.പി.എമ്മിന്റെ വോട്ട് അന്ന് പല മണ്ഡലങ്ങളിലും കുറഞ്ഞത് വോട്ട് കച്ചവടമായിരുന്നോ? ഓരോ തിരഞ്ഞെടുപ്പിലും ആ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യമാണ് പരിഗണിക്കുന്നത്. രാഷ്ട്രീയ കച്ചവടം വെറും ദുരാരോപണമാണ്. വിജയത്തിന്റെ മാറ്റ് കുറയ്ക്കാന്‍ ഇത്തരം ആരോപണം നേരിടാമെന്ന സംശയമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍. ജിഹാദി ശക്തികളുടെ പിന്തുണ ആരാണ് തേടിയത്. അതെല്ലാം വരും ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടും.
കൈവശമിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുവെങ്കിലും ഒമ്പത് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തുവന്നുവെന്ന് മുരളീധരന് പറഞ്ഞു. ബി.ജെ.പിയുടെ വോട്ടില്‍ ക്രമാനുഗതമായ വളര്‍ച്ചയുണ്ടായി. ബംഗാളില്‍ വര്‍ഷങ്ങളായി ഭരിച്ചിരുന്ന പാര്‍ട്ടി ഒരു സീറ്റുപോലും കിട്ടാതെ പോയി. കേരളത്തിലേത് ഒരു തിരിച്ചടിയാണ്. അത് തിരുത്തി മുന്നോട്ടുപോകും.
കേരളത്തില്‍ ബി.ജെ.പിക്ക് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞുവെങ്കിലും കേരളത്തില്‍ മുന്നേറാന്‍ കഴിയാത്തത് ഓരോ സ്ഥലത്തെയും രാഷ്ട്രീയ സാഹചര്യമാണ്. ബംഗാളില്‍ രാഷ്ട്രീയ അരാജകത്വമാണ് നടക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എല്‍.എമാര്‍ക്ക് വീടുകളില്‍ പോകാന്‍ പോലും കഴിയുന്നില്ല. ആയിരക്കണക്കിന് വീടുകള്‍ തകര്‍ക്കപ്പെട്ടു. പരാതി കൊടുക്കാന്‍ പോലും കഴിയുന്നില്ല. കൊടുത്താല്‍ പോലീസ് സ്വീകരിക്കുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ പറയുന്നവര്‍ക്കെ റേഷന്‍ പോലും കൊടുക്കാന്‍ പറ്റൂ. വിഭജന കാലത്ത് ഉണ്ടായിരുന്ന കാലത്തിന് സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. മുഖ്യമന്ത്രി അടിയന്തരമായ നടപടി എടുത്തില്ലെങ്കില്‍ അവരുടെ കയ്യില്‍ പോലും നിയന്ത്രണം നില്‍ക്കില്ല. തുടര്‍ ഭരണം എന്തു തോന്ന്യവാസത്തിനുമുള്ള ലൈസന്‍സാണെന്ന് തെറ്റിദ്ധരിക്കാതിരിക്കുന്നതാണ് സര്‍ക്കാരിന് ഉചിതം.
ബംഗാളില്‍ ഇന്നലെ തനിക്കു നേരെ ആക്രമണം നടത്തിയവരെ നേരിടുന്നതിനു പകരം തന്റെ സുരക്ഷയാണ് പോലീസ് ഉറപ്പാക്കിയത്. അക്രമികളെ നേരിടാന്‍ പോയാല്‍ കൂത്തുപറമ്പ് സംഭവത്തിനു സമാനമായ വെടിവയ്പുണ്ടായേനെ. തീവ്ര ജിഹാദി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം അവിടെ സജീവമാണ്. കഴിഞ്ഞ നവരാത്രി കാലത്തുപോലും അവര്‍ ജിഹാദികള്‍ക്ക് അനുകൂലമായി നിലപാട് എടുത്തു. തൃണമൂല്‍ പ്രവര്‍ത്തകരായ ഹിന്ദുക്കളെ പോലും തിരഞ്ഞുപിടിച്ച് ഈ ജിഹാദികള്‍ ആക്രമിച്ചുവെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.