ലോട്ടറിയടിച്ച ലക്ഷങ്ങൾ ദാനം നൽകിയ കൊയാമ്പുറത്തിൻ്റെ ‘മാധവേട്ടൻ’ നിര്യാതനായി
നീലേശ്വരം: “അന്യജീവനുദകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ ” എന്ന കവി വത്യം പോലെ തനിക്ക് ലോട്ടറിയടിച്ച 65 ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം ക്ഷേത്രത്തിനും ബാക്കി തുക നിർധനർക്ക് ദാനവും നൽകി വെറും കയ്യോടെ വീണ്ടും ജോലിക്ക് ഇറങ്ങി ജീവിതം നയിച്ച് മാതൃകയായ കൊയാമ്പുറത്തെ ‘മാധവേട്ടൻ’ നിര്യാതനായി. മടിക്കൈയിലെ വൃദ്ധ സദനത്തിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം,
സ്വത്തും പണവും നേടാൻ നെട്ടോട്ടമോടുന്ന മനുഷ്യർക്ക് മുന്നിൽ മാധവേട്ടൻ്റെ ജീവിതം ഒരു പാഠപുസ്തകമാണ്.
നീലേശ്വരം മാർക്കറ്റിലെ സ്ഥിരം സാന്നിധ്യമായിരുന്നു കെ.വി.മാധവൻ എന്ന കൊയാമ്പുറം ‘മാധവേട്ടൻ’. വസ്തു വിൽപ്പനയിൽ നിന്ന് കിട്ടുന്ന കമ്മീഷൻ കൊണ്ട് പട്ടിണിയില്ലാതെ ജീവിക്കാനുള്ള വരുമാനം കണ്ടെത്തിയിരുന്ന മാധവേട്ടന് കേരള ലോട്ടറിയുടെ 65 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി മുമ്പ് ലഭിച്ചിരുന്നത്,
എന്നാൽ ഇതോടെ ‘മാധവേട്ടന്റെ’ സാമ്പത്തിക പ്രയാസങ്ങൾക്ക് അറുതിവരുമെന്നും ഇനി മാർക്കറ്റിൽ വസ്തു കച്ചവടവുമായി കാണില്ല എന്നും ധരിച്ചവരുടെ ധാരണ അസ്ഥാനത്താക്കി വീണ്ടും ‘മാധവേട്ടൻ’ പഴയ അതേ മാതൃകയിൽ ജോലി ചെയ്ത് ജീവിക്കാൻ എത്തുകയായിരുന്നു, ലഭിച്ച മുഴുവൻ തുകയും ദാനം ചെയ്തായിരുന്നു ഈ വരവ്. ജീവിത സായാഹ്നത്തിൽ വാർദ്ധക്യം ശരിരത്തെ കീഴടക്കിയപ്പോൾ മാധവേട്ടൻ മടിക്കൈയിലെ വൃദ്ധസദനത്തിൽ അഭയം പ്രാപിക്കുകയായിരുന്നു.
മാധവേട്ടന്റെ വിയോഗത്തിൽ ആനച്ചാലിലെ സി പി എം പ്രാദേശിക നേതാവ് ഭാസ്കരനും നീലേശ്വരത്തെ കലാ സാംസ്കാരിക പ്രവർത്തകൻ മുഹമ്മദ് കുഞ്ഞി നീലേശ്വരവും, എഴുത്തുകാരനും, സാമൂഹ്യ പ്രവർത്തകനും മായ ‘മാധവേട്ടന്റെ’ ഓർമ്മകൾ പങ്കുവെച്ചു – ‘. ഭാഗ്യം കടാക്ഷിച്ചപ്പോൾ പോലും ജീവിത സത്യങ്ങൾ തിരിച്ചറിഞ്ഞ അപൂർച്ച വ്യക്തിത്വമായിരുന്നു മാധവേട്ടനെന്ന് ഇവർ അനുസ്മരിച്ചു
കോവിഡ് പ്രോട്ടോകോൾ പാലിച്ച് ‘മാധവേട്ടന്റെ’ മൃതദേഹം സംസ്കരിച്ചു.