ദില്ലി: ബാബറി മസ്ജിദ്- രാമജന്മഭൂമി തര്‍ക്ക കേസിന്റെ വിധി വരുന്നത് കണക്കിലെടുത്ത് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് റെയില്‍വേ പോലീസ് ഉപദേശം. അവധിയിലുള്ള എല്ലാ ഉദ്യോഗസ്ഥരോടും അവധി അവസാനിപ്പിച്ച് തിരികെ ജോലിയില്‍ പ്രവേശിക്കാനുള്ള നിര്‍ദേശമാണ് നല്‍കിയിട്ടുള്ളതെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രെയിനുകളുടെ സുരക്ഷ വര്‍ധിപ്പിക്കാനാണ് നീക്കം. ഇന്ത്യന്‍ റെയില്‍വേയ്ക്ക് കീഴിലുള്ള എല്ലാ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ബാധകമാണ് ആര്‍പിഎഫ് പുറത്തിറക്കിയിട്ടുള്ള ഏഴ് പേജുകളുള്ള ഉപദേശം.
അയോധ്യ കേസിലെ വിധി വരുന്ന പശ്ചാത്തലത്തില്‍ പ്ലാറ്റ്ഫോം, റെയില്‍വേ സ്റ്റേഷനുകള്‍, യാര്‍ഡ്, പാര്‍ക്കിംഗ്,പാലങ്ങള്‍, തുരങ്കങ്ങള്‍ എന്നിവിടങ്ങളിലെ സുരക്ഷയാണ് ഉയര്‍ത്തുക. സംഘര്‍ഷം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയും സ്ഫോടക വസ്തുുക്കള്‍ സൂക്ഷിക്കാനുള്ള സാധ്യതയും കണക്കിലെടുത്താണ് നീക്കം. റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ക്ഷേത്രം ഉള്‍പ്പെടെയുള്ള ആരാധാനലായങ്ങള്‍ എന്നിവയുടെ സമീപത്തും സുരക്ഷ വര്‍ധിപ്പിക്കും. നവംബര്‍ 17ന് അയോധ്യ- രാമക്ഷേത്ര തര്‍ക്ക വിഷയത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിധി പറയാനിരിക്കെയാണ് നീക്കം.
മുംബൈ, ദില്ലി, മാഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ തിരക്കേറിയ 78 സുപ്രധാന റെയില്‍വേ സ്റ്റേഷനുകളുടെ സുരക്ഷയാണ് വിധി കണക്കിലെടുത്ത് ഉയര്‍ത്തുക. സ്റ്റേഷനുകളിലെ 100 ശതമാനം ലൈറ്റുകളും തെളിയിക്കാനും നിര്‍ദേശത്തില്‍ സൂചിപ്പിക്കുന്നു. സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ ഇല്ലാത്ത സമയത്ത് വൈദ്യുതി ലാഭിക്കുന്നതിനായി ഇത് 30 ശതമാനമായി കുറക്കാനും ആര്‍പിഎഫ് എല്ലാ റെയില്‍വേ സോണുകളോടും നിര്‍ദേശിക്കുന്നു. ഉത്തര്‍പ്രദേശിലെയും അയോധ്യയിലേയും സുരക്ഷ ഉറപ്പാക്കുന്നതിനായി 4000 പാരാമിലിട്ടറി ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തര നിര്‍ദേശിച്ചിട്ടുള്ളത്.