കുഞ്ഞാലിക്കുട്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്; ലീഗിന് ക്ഷതമേറ്റുവെന്ന പ്രചാരണം തെറ്റെന്ന് നേതൃത്വം
മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. ഡോ. എം.കെ മുനീറാണ് ഉപ നേതാവ്. പാണക്കാട് ഹൈദരലി തങ്ങളുടെ നേതൃത്വത്തില്‍ മലപ്പുറം ലീഗ് ഹൗസില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം.
തെരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി വിലയിരുത്തുമെന്ന് ഹൈദരലി തങ്ങള്‍ അറിയിച്ചു. യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതു തരംഗത്തിനിടയിലും പാര്‍ട്ടിക്ക് കാര്യമായ തിരിച്ചടിയേറ്റിട്ടില്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം. മഞ്ചേശ്വരത്ത് ബി.ജെ.പിയുടെ വരവിന് തടയിടാനായത് നേട്ടമാണെന്നും ഏഴ് മണ്ഡലങ്ങളില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാനായെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. താനൂരില്‍ തോറ്റെങ്കിലും ഇടത് എം.എല്‍.എയുടെ ഭൂരിപക്ഷം കുറക്കാനായി. ജില്ലക്ക് പുറത്ത് മൂന്നു മണ്ഡലങ്ങളില്‍ തോറ്റു. കുറ്റ്യാടിയില്‍ നേരിയ ഭൂരിപക്ഷത്തിനാണ് സീറ്റ് നഷ്ടമായത്.
അതേസമയം, കൊടുവള്ളിയില്‍ സീറ്റ് തിരിച്ചു പിടിച്ചു. കാസര്‍കോട്ട് 5000 വോട്ടിെന്റ ഭൂരിപക്ഷം വര്‍ധിച്ചു. തവനൂരില്‍ ഭൂരിപക്ഷം കുറക്കാനായി. ലീഗിന് ക്ഷതമേറ്റെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണ്. പാര്‍ട്ടിയെന്ന നിലയിലും മുന്നണിയെന്ന നിലയിലുമുണ്ടായ വീഴ്ചകള്‍ പരിശോധിക്കും.
ബി.ജെ.പി വോട്ടില്‍ നല്ലൊരു ശതമാനം സി.പി.എമ്മിന് പോയിട്ടുണ്ടെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ്, പാര്‍ട്ടി എം.എല്‍.എമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.