ജില്ലയിലെ ലൈംഗികാതിക്രമങ്ങളില്‍
90 ശതമാനവും പോക്സോ കേസുകള്‍
ജില്ലയില്‍ രജിസ്ടര്‍ ചെയ്യപ്പെടുന്ന ലൈംഗികാതിക്രമ കേസുകളില്‍ 90 ശതമാനവും പോക്സോ കേസുകളാണെന്ന് ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ (ഡിഎല്‍എസ്എ) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നിയമ സംരക്ഷണ ബോധവല്‍ക്കരണത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നവരില്‍ കൂടുതലും ആണ്‍കുട്ടികളാണെന്നും ബാലപീഡനങ്ങള്ക്കെതിരേ വ്യാപകമായ ബോധവല്‍ക്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളോടുള്ള അതിക്രമങ്ങള്‍ക്കെതിരേ സമൂഹം ജാഗ്രത പാലിക്കുകയും അവരെ വലയിലാക്കാനുള്ള ചതിക്കുഴികള്ക്കെതിരേ പൊതുജനം കൈകോര്‍ക്കുകയും ചെയ്യേണ്ടതുണ്ട്. പൗരബോധത്തോടെ സാമൂഹിക വ്യവസ്ഥയില്‍ കണ്ണിചേരുന്നതോടൊപ്പം കുട്ടികള്‍ തങ്ങളുടെ കടമകളെ കുറിച്ച് ബോധവാന്മാരാവണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു.
കുട്ടികളുടെ അവകാശങ്ങള്‍ സമൂഹം ഇനിയും
മനസ്സിലാക്കിയിട്ടില്ല: ജില്ലാ ജഡ്ജ് ഡി അജിത് കുമാര്‍
കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സാമൂഹികജീവിയെന്ന അടിസ്ഥാന പരിഗണന നല്കി നിരവധി അവകാശങ്ങളുമായി സംരക്ഷിക്കപ്പെടേണ്ടവരാണ് കുട്ടികളെന്ന വസ്തുത ഇനിയും പൊതുജനം മനസിലാക്കിയിട്ടില്ലെന്ന് ജില്ലാ ജഡ്ജ് ഡി അജിത് കുമാര്‍ പറഞ്ഞു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ (ഡിഎല്‍എസ്എ) നേതൃത്വത്തില്‍ തിരഞ്ഞെടുത്ത 40 സ്കൂളുകളില്‍ സംഘടിപ്പിക്കുന്ന നിയമ സംരക്ഷണ ബോധവല്‍ക്കരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വിദ്യാനഗര്‍ ചിന്മയ വിദ്യാലയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എഡിഎം എന്‍ ദേവീദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് മുഖ്യാതിഥിയായി. കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ നീതിനിര്‍വ്വഹണ വിഭാഗത്തെ മാത്രം പ്രയോജനപ്പെടുത്തി ഇല്ലാതാക്കാന്‍ സാധിക്കുകയില്ലെന്നും കുട്ടികള്‍ക്ക് നേരെയുള്ള അവകാശ ലംഘനങ്ങള്‍ക്കെതിരേ രക്ഷിതാക്കളും അധ്യാപകരുമടക്കമുള്ള പൊതുസമൂഹത്തിന്റെ ക്രിയാത്മക ഇടപെടലുകള്‍ ആവശ്യമാണെന്നും ഡിഎല്‍എസ്എ ചെയര്മാന് കൂടിയായ ജില്ലാ ജഡ്ജ് പറഞ്ഞു.
മുതിര്‍ന്നവരെ പോലെ കുഞ്ഞുങ്ങള്‍ക്കും സ്വകാര്യതയുണ്ട്. അവര്‍ ഉറങ്ങുന്ന സ്ഥലം, സഞ്ചരിക്കുന്ന വഴികള്‍, വിഹരിക്കുന്ന കളിസ്ഥലങ്ങള്‍ തുടങ്ങിയവയൊന്നും നിഷേധിക്കാനോ അതിക്രമിക്കാനോ പാടില്ല. വിദ്യാര്‍ത്ഥികളുടെ പരാതികള്‍ തുടര്‍ നടപടികളിലേക്ക് കടക്കാതെ ഒതുക്കിത്തീര്‍ക്കുന്ന പ്രവണത കണ്ടുവരുന്നുണ്ടെന്നും ഇത് വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും ഡി.എല്‍.എസ്.എ സെക്രട്ടറി ഇന്‍ ചാര്‍ജുമായ മുജീബ് റഹ്മാന് കുട്ടികളും നിയമസംരക്ഷണവും എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. മുറിയുടെ വാതിലടച്ച് ഇന്റര്‍നെറ്റിന്റെ അനന്തമായ ലോകത്തേക്ക് പ്രവേശിക്കുന്ന കൗമാരക്കാരും കുട്ടികളും ചതിക്കുഴികളിലേക്ക് വഴിമാറിപ്പോകുന്നതിന്റെ അപകടത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി ആവിഷ്കരിച്ചിട്ടുള്ള വിവിധ നിയമങ്ങളെ കുറിച്ചും അത് പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ പി പി ശ്യാമളാദേവി, കാസര്‍കോട് ബാര്‍ അസോസിയേഷന് പ്രസിഡന്റ് എ സി അശോക് കുമാര്‍, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി പി ജനാര്ദ്ദനന്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സി എ ബിന്ദു, ചൈല്ഡ്ലൈന് കൗണ്‍സിലര്‍ ആയിഷത്ത് അഫീദ, ഡിഎല്‍എസ്എ സെക്ഷന്‍ ഓഫീസര്‍ കെ ദിനേശ, ചിന്മയ വിദ്യാലയം പ്രിന്‍സിപ്പാള്‍ പുഷ്പരാജ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍, ഡിഎല്‍എസ്എ അംഗങ്ങള്‍, പാരാ ലീഗല്‍ വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.