യുവജന കമ്മീഷൻ ചെയർപേഴ്സൺ
ചിന്ത ജെറോമിന് എങ്ങനെ വാക്സിൻ ലഭിച്ചു?
ചോദ്യമുയർത്തി സോഷ്യൽ മീഡിയ
തിരുവനന്തപുരം : പതിനെട്ട് വയസിനും 45 വയസിനും ഇടയിലുള്ളവർക്കും വാക്സിൻ വിതരണത്തിനുള്ള അനുമതി കേന്ദ്ര സർക്കാർ നൽകിയിരുന്നുവെങ്കിലും വാക്സിൻ ക്ഷാമത്താൽ മിക്ക സംസ്ഥാനങ്ങളിലും ആരംഭിച്ചിരുന്നില്ല. എന്നാൽ ഈ പ്രായക്കാർക്ക് കൊവിഡ് വാക്സിൻ എടുക്കുന്നതിനുവേണ്ടിയുള്ള ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് ഇപ്പോൾ കഴിയുന്നുമുണ്ട്. മിക്ക ഇടങ്ങളിലും ആദ്യ ഡോസ് സ്വീകരിച്ച അറുപതിനു മുകളിലുള്ളവർക്ക് പോലും കാലാവധി കഴിയും മുൻപേ രണ്ടാം ഡോസ് ഉറപ്പാക്കുന്നതിനുള്ള തീവ്ര ശ്രമത്തിലുമാണ് ഭരണകൂടങ്ങൾ. എന്നാൽ യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്താ ജെറോം വാക്സിൻ സ്വീകരിച്ചു എന്ന അറിയിച്ചുകൊണ്ട് സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ ചർച്ചയാവുന്നത്.സംസ്ഥാനത്ത് 18ന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻആരംഭിച്ചു എന്ന് ഔദ്യോഗികമായി അറിയിപ്പ് വരുന്നതിനും മുൻപേ എങ്ങനെ ചിന്തയ്ക്ക് വാക്സിൻ ലഭിച്ചു എന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ സംശയം ഉയരുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും ആരോഗ്യ പ്രവർത്തകർക്കും മാത്രമാണ് പ്രായഭേദമന്യേ വാക്സിൻ നൽകിയിട്ടുള്ളത്. പിൻവാതിലിലൂടെ വാക്സിൻ സ്വീകരിച്ചോ എന്നും ചോദ്യം ഉയരുന്നുണ്ട്. തലസ്ഥാനത്തെ മുൻമേയർ ക്യൂപാലിക്കാതെ വാക്സിൻ വിതരണ കേന്ദ്രത്തിലെത്തി കുത്തിവയ്പ്പ് സ്വീകരിച്ചുവെന്നും ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.