‘ദി റിയൽ ഹീറോസ്’;മഞ്ചേശ്വരത്ത് ഒറ്റ ഫ്ളക്ക്സിൽ പിണറായിയും നിയുക്ത ലീഗ് എംഎൽഎയും
കാസർകോട് ∙ മഞ്ചേശ്വരത്തു സിപിഎം വോട്ട് യുഡിഎഫിന് നൽകിയെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആരോപണത്തിനിടെ മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും നിയുക്ത ലീഗ് എംഎൽഎ എ.കെ.എം. അഷ്റഫിനെയും അഭിനന്ദിച്ച് കൂറ്റൻ ഫ്ലക്സ് ബോർഡ്.
ദ് റിയൽ ഹീറോ ഓഫ് കേരള ആൻഡ് മഞ്ചേശ്വരം എന്നെഴുതിയ വാചകത്തിന് താഴെയാണ് ഇരുവരുടെയും ഫോട്ടോയുള്ളത്. ദേശീയപാതയിൽനിന്ന് ഏതാനും മീറ്ററുകൾ അകലെ മഞ്ചേശ്വരത്താണ് വലിയ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. യുവാക്കളായ അഞ്ചുപേരുടെ ഫോട്ടോയും ഫ്ലക്സിന് താഴെയുണ്ട്.
ചുവപ്പ്, പച്ച മഷികളിലാണ് ബോർഡിലെ വാചകങ്ങൾ. വോട്ട് കച്ചവടത്തിന്റെ തെളിവാണ് ബോർഡെന്ന് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം ആദ്യമായി കാസർകോട്ടെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.