ബി ജെ പിയെ കുരുക്കിയ കൊടകരയിലെ കുഴൽപ്പണ കവർച്ച : പരാതിയിൽ നഷ്ടമായത് 25 ലക്ഷം, എന്നാൽ ഒൻപതാം പ്രതിയിൽ നിന്ന് കിട്ടിയത് 31 ലക്ഷം
തൃശൂർ: കൊടകരയിൽ വാഹനം ആക്രമിച്ച് കുഴൽപ്പണം കവർന്ന കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഈ പ്രതികളിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ കൂടി കണ്ടെടുത്തു. സുജീഷ് (40), രഞ്ജിത്ത് (39), എഡ്വിൻ (25) എന്നിവരാണ് ഇന്നലെ രാത്രിയോടെ പിടിയിലായത്.25 ലക്ഷം രൂപ കവർന്നതായാണ് പരാതിയെങ്കിലും ഇപ്പോൾ തന്നെ 40 ലക്ഷത്തോളം രൂപ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായി കൊടകര ദേശീയപാതയിൽ മേൽപ്പാലത്തിന് സമീപം തെളിവെടുപ്പ് നടത്തി. ചാലക്കുടി ഡിവൈ.എസ്.പി. കെ.എം. ജിജിമോൻ, കൊടകര ഇൻസ്പെക്ടർ എസ്.എച്ച്.ഒ ബേസിൽ തോമസ്, കൊരട്ടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ. ബി.കെ. അരുൺ, അതിരപ്പിള്ളി ഇൻസ്പെക്ടർ എസ്.എച്ച്.ഒ. ഇ.കെ. ഷിബു, മലക്കപ്പാറ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. ഡി. ദീപു എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് .ഏപ്രിൽ മൂന്നിനാണ് കൊടകരയിൽ കാർ അക്രമിച്ചു കുഴൽപ്പണം കവർന്നത്. യുവമോർച്ച ആർ.എസ്.എസ് നേതാക്കൾ ഈ പണമിടപാടുമായി ബന്ധപ്പെട്ടെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ മൂന്നിനാണ് മൂന്നരക്കോടിയോളം രൂപയും കാറും കൊടകരയിൽ ഗുണ്ടാ സംഘം കവർന്നത്. 25 ലക്ഷം രൂപമാത്രം നഷ്ടപ്പെട്ടതായാണ് പണം കടത്തിയിരുന്ന വ്യവസായിയും ആർ.എസ്.എസ് പ്രവർത്തകനുമായ ധർമരാജൻ, പൊലീസിൽ പരാതി നൽകിയത്. കേസിൽ ഒമ്പതാം പ്രതിയിൽ നിന്നു മാത്രം 31 ലക്ഷത്തിലേറെ രൂപ പിടികൂടി.