ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ അധിക്ഷേപിക്കുകയുംപൊലീസിനെതിരെ ലൈവില്‍ വെല്ലുവിളിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍
കൊല്ലം :ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ അധിക്ഷേപിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലം പൊലീസ് കഴിഞ്ഞ ദിവസം യുവാവിനെതിരെ കേസെടുത്തിരുന്നു. ‘ലിജോസ് സ്ട്രീറ്റ് റൈഡര്‍ 46’ എന്ന ഇന്‍സ്റ്റാഗ്രാം ഐഡിയിലൂടെ പെണ്‍കുട്ടിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിനാണ് കേസ്. കര്‍ണാടകയിലെ ഹൊസൂരില്‍ നിന്നാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന പൊലീസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയണ്. പൊലീസിനെതിരെ യുവാവ് ഇന്‍സ്റ്റഗ്രാം ലൈവില്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ‘ഹൊസ്സൂരല്ല, നീ എങ്ക പോയ് ഒളിഞ്ചാലും ഉന്നൈ വിടമാട്ടേ കണ്ണാ..’എന്ന തലക്കെട്ടില്‍ കേരളപൊലീസിന്റെ ഫേസ്ബുക്ക് പേജിലെ വീഡിയോയാണ് വൈറലാകുന്നത്.
പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നപ്പോള്‍ അധിക്ഷേപിക്കുകയും പിന്നീട് ഇയാള്‍ ലൈവ് വീഡിയോ ചെയ്ത് തെറിവിളിക്കുകയും അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുകയും ഇവരുടെ ഇന്‍സ്റ്റഗ്രാം ഇന്‍ബോക്സിലേക്ക് സഭ്യമല്ലാത്ത ശബ്ദസന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തെന്ന പരാതിയിലാണ് കേസ്. സംഭവം വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.