മലയോരത്ത് ഡെങ്കിപനി പടരുന്നുആരോഗ്യ വകുപ്പും പഞ്ചായത്തധികൃതരും ഉറക്കത്തില്‍
കാഞ്ഞങ്ങാട്: രാജപുരം, പാണത്തൂർ, ചുള്ളിക്കര-പൂടംകല്ല് തുടങ്ങിയ മലയോര പ്രദേശങ്ങളിൽ വ്യപകമായി ഡെങ്കിപനി പടരുമ്പോഴും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. സംഭവം അധികൃതരെയും വാര്‍ഡ് മെമ്പറെയും അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആരംഭം മുതല്‍ ഈ കാര്യം ബന്ധപ്പെട്ട അധികാരികളിലേക്ക് എത്തിയിരുന്നു, ഒരു മാസം മുന്‍പ് ചുള്ളിക്കര സ്വദേശിനിയായ ഒരു സ്ത്രീക്ക് ഡെങ്കിപ്പനി ബാധിച്ചു പൂടംകല്ല് ആശുപത്രിയില്‍ ചികിത്സിച്ചിരുന്നു, എന്നാല്‍ ഇതിന്റെ ഉറവിടം കണ്ടെത്താനോ മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള മുന്‍കരുതലോ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. ചുള്ളിക്കര ഗവണ്മെന്റ് എല്‍ പി സ്കൂളിനോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലാണ് രോഗം പരത്തുന്ന കൊതുകുകളെ കണ്ടെത്തിയത്. വാര്‍ഡ് മെമ്പറെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അണുനശീകരണം നടത്തുകയോ, ആരോഗ്യ വകുപ്പില്‍ നിന്നും ഒരാളുപോലും തിരിഞ്ഞു നോക്കുകയോ ചെയ്തിട്ടില്ല. എത്രയും പെട്ടെന്ന് വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കോ വിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിൽ ഡെങ്കിപ്പനിയും പടർന്ന് പിടിക്കുന്നത് നാട്ടുകാരിൽ ആശങ്കയുണർത്തിയിരിക്കുകയാണ്.