മഞ്ചേശ്വരത്ത് കർണാടക ബിജെപി നേതാക്കൾ കോടികളൊഴുക്കി- എകെഎം അഷ്റഫ്
കാസര്‍കോട്: മഞ്ചേശ്വരത്ത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ വിജയത്തിനായി കര്‍ണാടകയില്‍ നിന്നുള്ള മന്ത്രിമാരും എം.എല്‍.എമാരുമുൾപ്പെടെ തമ്പടിച്ച് പണമൊഴുക്കിയതായി മഞ്ചേശ്വരത്ത് വിജയം നേടിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്റഫ് ആരോപിച്ചു.
കാസര്‍കോട് പ്രസ്ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. ന്യൂനപക്ഷങ്ങളുടേതടക്കം നിരവധി വീടുകളിലും ക്വാര്‍ട്ടേഴ്സുകളിലും കയറി 1000 രൂപയും കിറ്റും നല്കി. വലിയ രീതിയില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നേതാക്കളും ശ്രമം നടത്തി. എന്നാല്‍ ഇതെല്ലാം മറികടന്ന് ജനാധിപത്യ-മതേതര വിശ്വാസികള്‍ തനിക്കൊപ്പം നില്‍ക്കുകയായിരുന്നുവെന്നും മതേതര വോട്ടുകള്‍ കൊണ്ടാണ് ചെറിയ ഭൂരിപക്ഷത്തില്‍ താന്‍ വിജയിച്ചതെന്നും അഷ്റഫ് പറഞ്ഞു. 5000-6000 വോട്ടുകള്‍ക്ക് വിജയിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാല്‍ എന്‍.ഡി.എ പണമൊഴുക്കിയത് മൂലം ഇത് ലഭിച്ചില്ലെന്നും അഷ്റഫ് പറഞ്ഞു. ഒരു മുസ്ലിം സ്ഥാനാര്‍ത്ഥി വിജയിക്കരുതെന്നാണ് എന്‍.ഡി.എ നേതാക്കള്‍ പലരേയും കണ്ട് പറഞ്ഞത്.
കെ. സുരേന്ദ്രന് നോമിനേഷന് കൊടുത്ത ശേഷം തനിക്കെതിരെ അപരനെ നിര്‍ത്താന്‍ അഷ്റഫ് എന്ന് പേരുള്ള പലരേയും സമീപിച്ചു. അവരില്‍ പലരും എന്നെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അപരനായി നില്ക്കാന് ആരും തയ്യാറായില്ല. കര്‍ണാടക ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് വോട്ടുകള്‍ പിടിക്കാനാണ് എന്‍.ഡി.എ ശ്രമിച്ചത്. എസ്.ഡി.പി.ഐയുടെ പിന്തുണയെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സംഘപരിവാർ ഫാസിസ്റ്റുകളെ പരാജയപ്പെടുത്താന്‍ എസ്ഡിപിഐ പ്രവർത്തകർ തനിക്ക് വോട്ട് നല്‍കിയിട്ടുണ്ടെന്ന് അഷ്റഫ് വ്യക്തമാക്കി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിവി രമേശന് ന്യൂനപക്ഷ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രചരണം നടത്തിയതെന്നും ഇത് ബി.ജെ.പിക്ക് ഗുണകരമായെന്നും അഷ്റഫ് പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. പത്മേഷ് സ്വാഗതം പറഞ്ഞു