പിതാവ് കോവിഡ് ബാധിച്ചു മരിച്ചു ; ചിത കൊളുത്തിയ മകള്‍ ചിതയില്‍ ചാടി ; 70 ശതമാനം പൊള്ളലേറ്റ് ആശുപത്രിയില്‍
ജെയ്സാല്‍മര്‍: കോവിഡുമായി ബന്ധിപ്പിച്ച് ഞെട്ടിപ്പിക്കുന്ന അനേകം സംഭവങ്ങളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജസ്ഥാനില്‍ കോവിഡ് ബാധിച്ചു മരിച്ച പിതാവിന്റെ ചിതയില്‍ ചാടി മകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ഇവര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. 70 ശതമാനം പൊള്ളലേറ്റതായി കോട്വാലി പോലീസ് പറഞ്ഞു.
ബാര്‍മറിലെ റായി കോളനിയിലെ ദാമോദര്‍ ദാസ് മഹേശ്വരി എന്ന 70 കാരനാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ചൊവ്വാഴ്ചയായിരുന്നു മരണം. തുടര്‍ന്ന് കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള സംസ്ക്കാര ചടങ്ങിനിടെയാണ് 33 കാരിയായ മകള്‍ ചന്ദ്രകല ചിതയിലേക്ക് ചാടിയത്. ദാമോദര്‍ ദാസിന്റെ ആഗ്രഹം പോലെ സംസ്ക്കാരത്തിന് അദ്ദേഹത്തിന്റെ മൂന്ന് പെണ്മക്കളും എത്തിയിരുന്നു. അവിവാഹിതയായ ചന്ദ്രകലയ്ക്ക് പിതാവുമായി വലിയ ആത്മബന്ധം ഉണ്ടായിരുന്നു. ഇതാകാം ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഗുരുതരമായി പൊള്ളലേറ്റ ചന്ദ്രകലയെ ആദ്യം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഗുരുതരാവസ്ഥയെ കണക്കിലെടുത്ത് ജോധ്പൂരിലേക്ക് അയയ്ക്കുകയായിരുന്നു. കോവിഡ് മാനദണ്ഡം അനുസരിച്ചായിരുന്നു അന്ത്യകര്‍മ്മങ്ങള്‍ എന്നതിനാല്‍ ബന്ധുക്കളും പെണ്മക്കളും ശ്മശാനത്തിലേക്ക് എത്തിയിരുന്നു. ചൊവ്വാഴ്ച ബാര്‍മറില്‍ മഹേശ്വരി മരണമടഞ്ഞതിന് പിന്നാലെ കോവിഡ് മാനദണ്ഡപ്രകാരം സംസ്ക്കാരം നടത്തുന്നതിന് വേണ്ടി കുടുംബാംഗങ്ങളില്‍ നിന്നും സത്യവാങ്മൂലം വാങ്ങിയിരുന്നു.
സാധാരണ കോവിഡ് ബാധിച്ചു മരിച്ചവരെ മഹേശ്വരി സമാജ് ശ്മശാനത്തിലാണ് ദഹിപ്പിച്ചിരുന്നത്. ഇവിടേയ്ക്ക് കുടുംബാംഗങ്ങളെ കൊണ്ടുപോകുമായിരുന്നില്ല. എന്നാല്‍ തന്റെ അന്ത്യകര്‍മ്മത്തിന് പെണ്മക്കള് മൂവരും ഉണ്ടാകണമെന്നായിരുന്ന മഹേശറിന്റെ അന്ത്യാഭിലാഷം. ഇതേ തുടര്‍ന്ന് ശ്മശാന നടത്തിപ്പുകാരായ വികാസ് സമിതിയിലെ അധികൃതരുമായി വാക്കുതര്‍ക്കവും ഉണ്ടായി. അതിനൊടുവിലാണ് മൂന്ന് പെണ്മക്കളെയും കയറ്റാന്‍ സമ്മതിച്ചത്.
ഇളയമകള്‍ ചന്ദ്രാമഹേശ്വരി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്നയിരുന്നു അധികൃതര്‍ സമ്മതിച്ചത്. ആണ്മക്കളില്ലാത്ത മഹേശ്വറിന്റെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചതും പെണ്മക്കളായിരുന്നു. തുടര്‍ച്ച് ചിത കത്തിച്ച ശേഷം ചന്ദ്രകല ചിതയിലേക്ക് എടുത്തു ചാടുകയായിരുന്നു. തുടര്‍ന്ന് സഹോദരി പ്രീതിയും മറ്റും ചേര്‍ന്ന് ചന്ദ്രകലയെ വലിച്ചു പുറത്തിടുകയും ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയുമായിരുന്നു.