തമിഴ്നാട്ടിലും ഓക്സിജന്‍ ക്ഷാമം: ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ 11 കോവിഡ് രോഗികള്‍ മരിച്ചു
ചെങ്കല്‍പേട്ട്: തമിഴ്നാട്ടിലും ഓക്സിജന്‍ ക്ഷാമം. ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി ഓക്സിജന്‍ വിതരണം നിലച്ചതോടെ 11 കോവിഡ് രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഓക്സിജന്‍ സ്റ്റോക്കുണ്ടെന്ന് ഡീന്‍ ജോണ്‍ ലൂയി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മരിച്ചവരെല്ലാം കോവിഡ് രോഗികളാണോയെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രി രണ്ട് മണിക്കൂര്‍ ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടുവെന്നാണ് രോഗികളുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ 21,000ല്‍ ഏറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 144 പേര് കൂടി മരിച്ചു. ഇതുവരെ 12.49 ലക്ഷം പേര് രോഗികളായപ്പോള്‍ 14,612 പേര് മരണമടഞ്ഞു. അതില്‍ 1608 പേരും ചെങ്കല്‍പേട്ടിലാണ്.
കഴിഞ്ഞ ദിവസം കര്‍ണാടകയിലും ഓക്സിജന്‍ ക്ഷാമം മൂലം നിരവധി കോവിഡ് രോഗികള്‍ മരണപ്പെട്ടിരുന്നു.