വരുന്ന രണ്ട് ദിവസങ്ങൾ രാജ്യത്തിന് നിർണായകം, അടുത്ത ആഴ്ചയോടെ രോഗികളുടെ എണ്ണത്തിൽ വൻ കുറവ് സംഭവിക്കും; ഗണിത ശാസ്ത്രജ്ഞന്റെ പ്രവചനം
ന്യൂഡൽഹി : കൊവിഡ് രണ്ടാം തരംഗത്തിൽ ശ്വാസം മുട്ടുന്ന രാജ്യത്തിന്റെ ഭാവി പ്രവചിച്ച് ഗണിത ശാസ്ത്രജ്ഞനും കേന്ദ്രസർക്കാരിന്റെ ഉപദേഷ്ടാവുമായ പ്രൊഫ. എം വിദ്യാസാഗർ. മേയ് എഴോടെ രാജ്യത്ത് കേസുകൾ അതിന്റെ പാരതമ്യത്തിലെത്തുമെന്നും, അടുത്ത ആഴ്ചയോടെ രോഗികളുടെ എണ്ണത്തിൽ വൻ കുറവ് സംഭവിക്കുമെന്നുമാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്.കൊവിഡ് കണക്കുകൾ കൃത്യമായി വിശകലനം ചെയ്തശേഷമാണ് അദ്ദേഹം ഇങ്ങനെയൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. അതേസമയം രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ഇത് വ്യത്യസ്തമായ സമയത്തായിരിക്കും സംഭവിക്കുക. കാരണം കൊവിഡ് രണ്ടാം വ്യാപനം ആദ്യം സംഭവിച്ചത് മഹാരാഷ്ട്രയിലാണ്. അവിടെ ഇപ്പോൾ കേസുകൾ കുറയുന്നതിന്റെ സൂചന കണ്ടു തുടങ്ങിയിട്ടുണ്ട്. അതേസമയം മറ്റു ചില സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ രാജ്യവ്യാപകമായ കണക്കിൽ അടുത്ത ആഴ്ചയോടെ കുറവുണ്ടാകും എന്നാണ് അദ്ദേഹത്തിന്റെ വാദം.മഹാരാഷ്ട്രയുമായി അടുത്തുനിൽക്കുന്ന സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കേസുകൾ ഗണ്യമായി വർദ്ധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. വൈകാതെ ഇതു കുറയുകയും രാജ്യത്തിന്റെ കൊവിഡ് ഭാരം ലഘൂകരിക്കുകയും ചെയ്യും. ഇതിന് പത്തു മുതൽ പതിനഞ്ച് ദിവസം വരെ വേണ്ടി വരും.കഴിഞ്ഞ വർഷമുണ്ടായ കൊവിഡും ഇപ്പോഴത്തെ രണ്ടാം തരംഗവും താരതമ്യം ചെയ്താൽ ഇക്കുറി വളരെ വേഗം കേസുകളിൽ വർദ്ധനവ് കാണുവാൻ കഴിയും. കഴിഞ്ഞ പ്രാവശ്യം കൊവിഡ് കേസുകൾ അതിന്റെ കൊടുമുടിയിലെത്താൻ മൂന്നരമാസത്തോളം സമയമെടുത്തു. എന്നാൽ ഇക്കുറി കേവലം ഒരു മാസം കൊണ്ട് രാജ്യത്ത് കൊവിഡ് കേസുകൾ 75000 ത്തിൽ നിന്നും നാല് ലക്ഷത്തിലേക്ക് കുതിച്ചുയർന്നു.വിദ്യാസാഗറിന്റെ അഭിപ്രായത്തോട് വിയോജിക്കുന്ന വിദഗ്ദ്ധരുമുണ്ട്. മേയ് പകുതിക്ക് ശേഷം മാത്രമേ രാജ്യത്ത് കേസുകളുടെ എണ്ണം കുറയുകയുള്ളു എന്നാണ് അശോക സർവകലാശാലയിലെ ബയോളജി പ്രൊഫസർ പ്രൊഫ. ഗൗതം മേനോൻ പ്രവചിക്കുന്നത്.