പാര്‍ട്ടി മുന്നണി വിട്ടപ്പോഴുംകളംമാറി ചവിട്ടാതെഇടതുപക്ഷത്ത് ഉറച്ച് നിന്നു; മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്ന് കോവൂര്‍ കുഞ്ഞുമോന്
കൊല്ലം: രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രി സ്ഥാനം ആവശ്യപ്പെടാനൊരുങ്ങി കോവൂര്‍ കുഞ്ഞുമോന്. പുതിയ മന്ത്രിസഭയില്‍ പ്രാതിനിധ്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് കുഞ്ഞുമോന് പറഞ്ഞു. അഞ്ച് ടേം തുടര്‍ച്ചയായി വിജയിച്ചത് പരിഗണിക്കണമെന്നാണ് കുഞ്ഞുമോന്റെ ആവശ്യം. തന്നെ മന്ത്രിയാക്കുന്നത് ആര്‍എസ്പി അനുഭാവികളെ ഇടതുമുന്നണിയിലെത്തിക്കാന് സഹായിക്കുമെന്നാണ് അവകാശവാദം. അതേപോലെ ഇടതുമുന്നണിക്കൊപ്പം ഉറച്ച്നിന്നത് കൂടി പരിഗണിക്കണമെന്നും കുഞ്ഞുമോന് പറയുന്നു.
ആര്‍എസ്പി നേതാവായ കുഞ്ഞുമോന്, പാര്‍ട്ടി മുന്നണി വിട്ടപ്പോഴും ഇടതുപക്ഷത്ത് തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വന്നിട്ടും കഴിഞ്ഞ രണ്ട് തവണയും മണ്ഡലം കൈവിട്ട് പോകാതെ കാക്കാന്‍ കുഞ്ഞുമോന് സാധിച്ചു. ഇത്തവണ 2790 വോട്ടിനാണ് ഉല്ലാസ് കോവൂരിനെ കുഞ്ഞുമോന് പരാജയപ്പെടുത്തിയത്.