മരണാസന്നനായ അച്ഛന് വെള്ളം നല്കുന്ന മകള്‍; തടഞ്ഞ് അമ്മ: കോവിഡിന്റെ ദുരന്തദൃശ്യങ്ങള്‍ ഒഴിയാതെ രാജ്യം
ആന്ധ്രാപ്രദേശ്:കോവിഡിന്റെ രണ്ടാംഘട്ടത്തില്‍ രാജ്യത്ത് നിന്ന് വരുന്നതെല്ലാം ഹൃദയം തകര്‍ക്കുന്ന വാര്‍ത്തകളാണ്. അത്തരത്തില്‍ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ദൃശ്യങ്ങള്‍ പലതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. അത്തരത്തില്‍ ഒരു നൊമ്പരമായിരിക്കുകയാണ് ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഒരു മകള്‍. കോവിഡ് പോസിറ്റീവായതിന് ശേഷം വീടിന് സമീപം വീണുകിടക്കുന്ന പിതാവിന് വെള്ളം നൽകാൻ ശ്രമിക്കുന്ന മകളും അവരെ തടയുന്ന മാതാവുമാണ് ദൃശ്യങ്ങളിൽ.
വിജയവാഡയില്‍ ജോലി ചെയ്യുന്ന 50 കാരനായ പിതാവ് കോവിഡ് പോസിറ്റീവായ ശേഷമാണ് നാട്ടിലേക്ക് എത്തിയത്. ശ്രീകാകുളത്താണ് ഇവരുടെ വീട്. പക്ഷേ, ഗ്രാമവാസികള്‍ ഇദ്ദേഹത്തെ ഗ്രാമത്തിലേക്ക് കടക്കാന്‍ അനുവദിച്ചിരുന്നില്ല. അതില്‍ ഗ്രാമത്തിന് പുറത്ത് ഒരു പാടത്താണ് അദ്ദേഹം താമസിച്ചിരുന്നത്.
പുറത്തു വന്ന വീഡിയോ പ്രകാരം കോവിഡ് ബാധിച്ച് നില വഷളായ അച്ഛന് വെള്ളം കൊടുക്കാന്‍ ശ്രമിക്കുകയാണ് 17കാരിയായ മകള്‍. കൂടെയുള്ള അമ്മയാകട്ടെ മകള്‍ക്ക് രോഗം പകരുമല്ലോ എന്ന ഭയത്തില്‍ മകളെ പിന്തിരിപ്പിക്കാന് ശ്രമിക്കുകയാണ്. വീഡിയോ പകര്ത്തുന്നവര് ആകട്ടെ ഇവരെ സഹായിക്കാന്‍ തയ്യാറായതുമില്ല.
രോഗബാധിതനായ പിതാവ് നിലത്ത് വീണുകിടക്കുന്നത്വിഡിയോയിൽ കാണാം. അലറിക്കരഞ്ഞ് മകള്‍ വീണുകിടക്കുന്ന പിതാവിനുള്ള വെള്ളം കുപ്പിയില്‍ കൊണ്ടുപോകുന്നതും മാതാവ് തടയുന്നതുമാണ് വിഡിയോയിൽ. മാതാവിന്റെ എതിർപ്പ് വകവെക്കാതെ മകൾ വെള്ളം നൽകുന്നതും അലമുറയിട്ട് കരയുന്നതും വീഡിയോയിലുണ്ട്. അല്‍പ്പസമയത്തിനകം തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങി.
വീണു കിടക്കുന്ന വ്യക്തിയെ ബെഡ്ഢ് ലഭ്യമല്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്ന് തിരിച്ചയച്ചതാണെന്നു് വീഡിയോ പകര്‍ത്തുന്ന ആള് പറയുന്നുണ്ട്. കുടുംബാംഗങ്ങളും കോവിഡ് പോസിറ്റീവായിരുന്നു. അതിനാല്‍ നിങ്ങള്‍ക്ക് അദ്ദേഹത്തിന് അടുത്തേക്ക് പോകാമെന്നും വീഡിയോ പകര്‍ത്തുന്ന ആള് പറയുന്നുണ്ട്.വീഡിയോ പകര്‍ത്തിയ ആള് മാത്രമല്ല നിരവധി പേരാണ് ആ സംഭവം വെറുതെ നോക്കിനിന്നത് എന്ന് വ്യക്തമാണ്.
20,000ത്തിൽ അധികം പേർക്കാണ് ആന്ധ്രപ്രദേശില്‍ ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കുന്നത്. 70ലധികം മരണവും റിപ്പോർട്ട് ചെയ്യുന്നുണ്ട്.