കാഞ്ഞങ്ങാട് ജയിലിൽ വിളവെടുത്ത 60 കിലോ കുമ്പളങ്ങ സ്നേഹ വീടിന് കൈമാറി.
കാഞ്ഞങ്ങാട് : ജയിലുകൾ മാറ്റത്തിന്റെ പുതിയ പാതകളിലൂടെ സഞ്ചരിക്കുകയാണെന്ന് നിരവധി പ്രവർത്തനങ്ങളുടെ തെളിയിച്ച ഹൊസ്ദുർഗ്ഗ് ജില്ലാ ജയിലിൽ നിന്നും മറ്റൊരു പ്രവർത്തനം കൂടി ശ്രദ്ദേയമാവുന്നു. ജയിലിൽ വിളവെടുത്ത 60 കിലോ കുമ്പളങ്ങ അമ്പലത്തറയിലെ സ്നേഹവീട്ടിലേക്ക് കൈമാറി. ഹരിത കേരളം മിഷന്റെ ഭാഗമായി ഹരിത ജയിലായി മാറിയ ഹൊസ്ദുർഗ്ഗ് ജില്ലാ ജയിലിൽ പൂർണ്ണമായും ജൈവ മാതൃകയിലാണ് കൃഷി നടപ്പിലാക്കിയത്. കൃഷിക്കാവശ്യമായ വളവും ജയിലിൽ നിന്നുതന്നെ ഉത്പാദിപ്പിച്ചു. ഇത്തരത്തിൽ 100 കിലോയോളം വിളവാണ് ഇത്തവണ ലഭിച്ചത്. അതിൽ 40 കിലോയോളം ജയിലാവശ്യങ്ങൾക്കായി മാറ്റിവയ്ക്കുകയും ബാക്കി 60 കിലോ അമ്പലത്തറ സ്നേഹവീട് ബഡ്സ് സ്കൂളിലേക്ക് കൈമാറുക യുമാണ് ചെയ്തത്. കാഞ്ഞങ്ങാട് കൃഷിഭവന്റെ പിന്തുണയും കൃഷിക്ക് പിന്നിലുണ്ടായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ ജയിൽ അന്തേവാസികളുടെ മാനസിക പരിവർത്തനത്തിന് സഹായകരമാവുമെന്നും, സമൂഹത്തിൽ ജൈവ കൃഷിയുടെ സന്ദേശമെത്തിക്കുവാൻ കാരണമാകുമെന്നും ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു കൊണ്ട് ജില്ലാ ജയിൽ സൂപ്രണ്ട് കെ.വേണു പറഞ്ഞു. ചടങ്ങിൽ ലൈഫ് മിഷൻ ജില്ലാ കോഡിനേറ്റർ എം. വത്സനിൽ നിന്നും സ്നേഹവീട് പ്രസിഡന്റ് അഡ്വ. രാജേന്ദ്രൻ വിളവെടുത്ത കുമ്പളങ്ങകൾ സ്വീകരിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ എം.പി സുബ്രഹ്മണ്യൻ മുഖ്യാഥിതിയായിരുന്നു. അസി. സൂപ്രണ്ട് പി.ഗോപാലകൃഷ്ണൻ, ഡി.പി. ഒ പുഷ്പരാജ്, എ.പി.ഒ മാരായ സുർജിത്ത്, പ്രദീപൻ,ശശിധരൻ, സന്തോഷ്, വിപിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.