മുല്ലപ്പള്ളി മാറണം; ന്യൂനപക്ഷ വിഷയങ്ങളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു:സമസ്ത
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കെ.പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് സമസ്തകേരള ജം ഇയ്യത്തുല്‍ ഉലമ(ഇ കെ വിഭാഗം). പരാജയ കാരണങ്ങള്‍ വിശദമായി പഠിച്ച് പാളിച്ചകള്‍ മനസിലാക്കാമെന്ന പതിവു പല്ലവി തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ കോണ്‍ഗ്രസ് നേതൃത്വം ആവര്‍ത്തിക്കുകയാണ് മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗത്തിലൂടെയാണ് സമസ്തയുടെ വിമര്‍ശനം.
”ന്യൂനപക്ഷ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ മനസിലിരിപ്പ് മാനത്തുകണ്ട കേരളത്തിലെ മതനിരപേക്ഷ സമൂഹം ഇടത് മുന്നണിക്കൊപ്പം നിന്നു. സി എ എ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പലവട്ടം കേരള മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിച്ചപ്പോഴും അതേപ്പറ്റി ക, മ എന്ന് ഉരിയാടാത്ത പല കോണ്‍ഗ്രസ് നേതാക്കളുണ്ടായിരുന്നു.
കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അവരില്‍ പ്രധാനിയായിരുന്നു. നേമത്ത് കെ. മുരളീധരന് മത്സരിച്ചപ്പോള്‍ അങ്ങോട്ടൊന്ന് എത്തിനോക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് തയാറായില്ല. ഇത്തരം കെ പി സി സി പ്രസിഡന്റുമാരുണ്ടാകുമ്പോള്‍ എങ്ങനെയാണ് യു ഡി എഫ് ജയിച്ചുകയറുകയെന്നും സുപ്രഭാതം മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.