കണ്ണൂരിൽ ഐസ്ക്രീം കപ്പിനുളളിൽ നിന്ന് ബോംബ് പൊട്ടി; രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്
കണ്ണൂർ: കണ്ണൂരിൽ ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റു. ഒന്നര വയസും അഞ്ച് വയസുമുളള കുട്ടികൾക്കാണ് പരിക്കേറ്റത്. ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയ ഐസ്ക്രീം കപ്പിൽ നിന്നാണ് ബോംബ് പൊട്ടിയത്. ഐസ്ക്രീം കപ്പ് കൊണ്ട് കുട്ടികൾ കളിക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അഞ്ചു വയസുകാരൻ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പൊട്ടിയത് ഐസ്ക്രീം ബോംബാണെന്നും പരിശോധന തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.കണ്ണൂരിൽ ഇരിട്ടിക്കടുത്ത് പടിക്കച്ചാലിലാണ് സംഭവമുണ്ടായത്. തിരഞ്ഞെടുപ്പ് സമയത്ത് സംഘർഷം പതിവുളള സ്ഥലമാണിത്. രാഷ്ട്രീയ പാർട്ടി പ്രവർത്തകരാകാം ബോംബ് തയ്യാറാക്കിയതെന്നാണ് പൊലീസ് നിഗമനം.