തോൽവിക്ക് കാരണം കുഞ്ഞാലിക്കുട്ടിയുടെ അധികാരക്കൊതിയെന്ന് എംഎസ്എഫ് നേതാവ്
കോഴിക്കോട്> മുസ്ലിംലീഗിന്റെ തോൽവിക്ക് കാരണം അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ അധികാരക്കൊതിയാണെന്ന് എംഎസ്എഫ് നേതാവ്. ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും പരാജയത്തിന് ഉത്തരവാദിയാണ്.
നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ എം എസ് എഫ് മലപ്പുറം ജില്ലാ മുൻ ജനറൽ സെക്രട്ടറി വി പി അഹമ്മദ് സഹീറാണ് നേതൃത്വത്തെ പരസ്യമായി വിമർശിച്ച് രംഗത്തെത്തിയത്. ‘രാജാക്കന്മാർ നഗ്നരാണ്’ എന്ന ശീർഷകത്തിൽ ഫേസ്ബുക്കിലാണ് വിമർശനം.
അധികാരക്കൊതി മൂത്താണ് കുഞ്ഞാലിക്കുട്ടി ഡൽഹിയിലെ പോരാട്ടം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സാദിഖലി തങ്ങളുടെ ഹാഗിയ സോഫിയ ലേഖനവും തിരിച്ചടിയായി. ക്രിസ്ത്യൻ സമുദായം യു ഡി എഫിനെതിരെ തിരിയാൻ ഇത് കാരണമായി. മികച്ച സംഘടനാ പ്രവർത്തകർക്ക് നേതാക്കളുടെ തിണ്ണ നിരങ്ങാൻ സമയം കിട്ടില്ല. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയണമെന്നും കബീർ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.