കൂടുതൽ താരങ്ങൾ കൊവിഡ് പോസിറ്റീവായി; ഐപിഎൽ തൽക്കാലം നിർത്തിവച്ചതായി ബിസിസിഐ
മുംബൈ : കൊൽകത്ത നൈറ്റ്റൈഡേഴ്സിലെ കളിക്കാർക്ക് കൊവിഡ് പിടിച്ചതിന് പുറമേ കൂടുതൽ ടീമുകളിലെ താരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് പതിനാലാം സീസൺ താൽക്കാലികമായി നിർത്തിവച്ചെന്ന് അറിയിച്ച് ബിസിസിഐ. വൈസ് പ്രസിഡന്റായ രാജീവ് ശുക്ളയാണ് വിവരം അറിയിച്ചത്. അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചതായാണ് രാജീവ് ശുക്ള അറിയിച്ചിരിക്കുന്നത്.സൺറൈസേൻ്സ് ബാറ്റ്സ്മാനായ വൃദ്ധിമാൻ സാഹയ്ക്കും ഡൽഹി ക്യാപിറ്റൽസിന്റെ അമിത് മിശ്രയ്ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ആദ്യം രോഗം സ്ഥിരീകരിച്ചത് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിനാണ്. ഇതിന് പിന്നാലെ കൊൽക്കത്തയുടെ സന്ദീപ് വാര്യർക്കും വരുൺ ചക്രവർത്തിയ്ക്കും കൊവിഡ് പോസിറ്റീവായി. വൈകാതെ ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് കോച്ച് ലക്ഷ്മിപതി ബാലാജിക്കും രോഗം സ്ഥിരീകരിച്ചു. ടീമംഗങ്ങൾ അഞ്ച് ദിവസത്തേക്ക് ക്വാറന്റൈനിലായതോടെ ചെന്നൈയുടെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും അടുത്ത മത്സരങ്ങൾ ഇന്നലെ മാറ്റിവച്ചു.ഇന്ന് കൂടുതൽ താരങ്ങൾ രോഗത്തിന്റെ നിഴലിലായതോടെ ഐപിഎൽ പതിനാലാം സീസൺ നിർത്തിവയ്ക്കുക എന്ന തീരുമാനത്തിലേക്ക് ബിസിസിഐ ഒടുവിൽ എത്തിച്ചേരുകയായിരുന്നു. മുൻപ് തന്നെ കൊവിഡ് സാഹചര്യം രൂക്ഷമായതോടെ ഇന്ത്യൻ സ്പിന്നർ ആർ.അശ്വിൻ ഓസ്ട്രേലിയയുടെ കെയ്ൻ റിച്ചാർഡ്സൺ, ആദം സാംപ എന്നിവർ ഐപിഎലിൽ നിന്ന് പിന്മാറിയിരുന്നു. മാച്ച് റഫറി മനു നയ്യാർ, അംപയർ നിതിൻ മേനോൻ എന്നിവരും ഇങ്ങനെ പിന്മാറിയവരിൽ പെടും.