പി.കെ. ഫിറോസ് അടക്കം യൂത്ത് ലീഗ് നേതാക്കളുടെ പേരിൽ കോവിഡ് നിയമം ലംഘിച്ചതിന് കേസ്
പരപ്പനങ്ങാടി : കോവിഡ് നിയന്ത്രണം ലംഘിച്ച് അവാർഡുദാനം നടത്തിയ സംഭവത്തിൽ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസടക്കമുള്ള നേതാക്കളുടെ പേരിൽ കേസ്. പരപ്പനങ്ങാടി ഉള്ളണം മുണ്ടിയൻകാവിൽ എം.എസ്.എഫ്. നേതാവായ ഷബീബ് പയേരിക്ക് സി.എ. അവസാന അഖിലേന്ത്യാപരീക്ഷയിൽ വിജയംകരസ്ഥമാക്കിയതിന് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ഉള്ളണത്ത് അവാർഡുദാനം നടത്തിയിരുന്നു. ചടങ്ങ് ഉദ്ഘാടനംചെയ്ത സംസ്ഥാന ജനറൽസെക്രട്ടറി പി.കെ. ഫിറോസ്, കൗൺസിലർ ഷാഹുൽഹമീദ്, നിസാർ അഹമ്മദ് തുടങ്ങിയ 10 ആളുകളുടെ പേരിലാണ് സി.പി.എം. പ്രവർത്തകനായ എ.പി. മുജീബ് പരാതി നൽകിയത്. പരപ്പനങ്ങാടി നഗരസഭയിൽ രണ്ട് ഡിവിഷനിൽ കൺടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചപ്പോൾ ഒത്തുചേർന്നത് നിയമലംഘനമാണന്ന് കാണിച്ചായിരുന്നു പരാതിയെന്ന് പരപ്പനങ്ങാടി സി.ഐ. ഹണി കെ. ദാസ് പറഞ്ഞു.
പൂർവസൈനിക് സേവാപരിഷത്ത് യോഗം
തേഞ്ഞിപ്പലം : അഖില ഭാരതീയ പൂർവ സൈനിക് സേവാപരിഷത്ത് ജില്ലാകമ്മിറ്റിയുടെ പ്രവർത്തകസമിതി ഓൺലൈൻ യോഗം സംസ്ഥാന പ്രസിഡന്റ് മേജർ ജനറൽ ഡോ. പി. വിവേകാനന്ദൻ ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് സുകുമാരൻ അധ്യക്ഷനായി.