തുടര്‍ഭരണം കേരളത്തിലെ ജനങ്ങളുടെ സ്വപ്നം, സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചത്കൂടിയാലോചന ഇല്ലാതെ, തുറന്നടിച്ച് സി.കെ പത്മനാഭന്
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചും മുഖ്യമന്ത്രിയെ പുകഴ്ത്തിയും മുതിര്‍ന്ന ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്. പിണറായി വിജയനോടുള്ള ജനങ്ങളുടെ താത്പര്യമാണ് തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയെ നേരിടുന്നതില്‍ മറ്റ് പല സംസ്ഥാനങ്ങളും കാണിച്ചതിനേക്കാള്‍ കൂടുതല്‍ കാര്യക്ഷമത പിണറായി സര്‍ക്കാര്‍ കാണിച്ചുവെന്നും സി.കെ പത്മനാഭന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തുടര്‍ഭരണം എന്നത് കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ കുറേ കാലമായി ഉണ്ടായിരുന്ന സ്വപ്നമായിരുന്നുവെന്നാണ് തനിക്ക് തോന്നുന്നതെന്നും പിണറായി തുടരുന്നതില്‍ ദോഷമില്ലെന്നും അദ്ദേഹം പറയുന്നു.
എന്തുകൊണ്ട് തോറ്റുവെന്ന് അത്മപരിശോധന നടത്തേണ്ട സമയമാണ് പാര്‍ട്ടിക്കുള്ളതെന്നും തോല്‍വി അംഗീകരിക്കണമെന്നും പത്മനാഭന് പറഞ്ഞു. കൂടാതെ കെ.സുരേന്ദ്രന് രണ്ട് ഇടങ്ങളില്‍ മത്സരിച്ചത് വേണ്ടവിധത്തിലുള്ള കൂടിയാലോചന ഇല്ലാതെയാണെന്നും പത്മനാഭന് തുറന്നടിച്ചു.
പാര്‍ട്ടിക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കിട്ടേണ്ട മാന്യതയും പരിഗണനയും കിട്ടുന്നില്ല, ബി.ജെ.പിയെ സംബന്ധിച്ച് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘പിണറായി ചെയ്ത നല്ലതെല്ലാം തിരസ്കരിച്ച് കുറ്റം മാത്രം കണ്ടെത്തിയിട്ട് കാര്യമില്ല, ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിന് പിണറായിക്ക് ജനം മികച്ച പിന്തുണ നല്‍കുകയായിരുന്നു. ബി.ജെ.പിയില്‍ പുതിയ ആളുകള്‍ വരുമ്പോള്‍ അവരുടെ മുന്‍കാല ചരിത്രം നോക്കാതെ അവര്‍ക്ക് വലിയ സ്ഥാനം കൊടുക്കുന്നത് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെ അപമാനിക്കുന്നതിന് തുല്യമാണ്,’ പത്മനാഭന് കൂട്ടിച്ചേര്‍ത്തു.
ധര്‍മ്മടത്ത് പിണറായിക്കെതിരെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു സി.കെ പത്മനാഭന്.