സംസ്ഥാനത്ത് ഉടൻ ലോക്ഡൗണ്‍ വേണം വൈകുന്നത് സ്ഥിതി ഗുരുതരമാക്കുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ ലോക്ഡൗണ്‍ വേണമെന്ന് ആരോഗ്യ വിദഗ്ധര്‍. വൈകുന്തോറും കോവിഡ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളില്‍ ഓക്സിജൻ കിടക്കകൾ പോലും കിട്ടാത്ത അവസ്ഥയാണ്. ആദ്യ ഡോസ് വാക്സിൻ ഭൂരിഭാഗം പേര്‍ക്കും ഉറപ്പാക്കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നു.
ആശുപത്രികളിൽ മാത്രം 26169 പേര് ചികില്‍സയിലുണ്ട്. ഐസിയുകളില്‍ 1907 രോഗികള്‍, വെന്റിലേറ്ററുകളില്‍ 672 പേര്. ഓക്സിജൻ പിന്തുണ വേണ്ട രോഗികളുടെ എണ്ണം ഈ കണക്കിലുമൊക്കെ ഇരട്ടിയിലേറെയാണ്. ഓക്സിജൻ കിടക്കകൾ വേണമെങ്കില്‍ മണിക്കൂറുകളോ ഒരു ദിവസമോ ഒക്കെ കാത്തിരിക്കേണ്ട അവസ്ഥ. സ്ഥിതി അതീവ ഗുരുതരമാവുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ വിദഗ്ധ സമിതിയേയും സര്‍ക്കാര്‍ വൃത്തങ്ങളേയും നേരിട്ടറിയിച്ചിട്ടണ്ട്.
നാലാം തിയതി മുതല്‍ 9-ാം തിയതി വരെയുള്ള കര്‍ശന നിയന്ത്രങ്ങള്‍ മാത്രമല്ല ഒരു സമ്പൂര്‍ണ അടച്ചിടല്‍ ഏറ്റവും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണമെന്നാണ് ആവശ്യം. ഇപ്പോൾ ചെയ്തില്ലെങ്കില്‍ പിന്നെ ചെയ്തിട്ട് കാര്യമില്ലെന്ന മുന്നറിയിപ്പുമുണ്ട്.
രണ്ടാം ഡോസ് വാക്സിന് മുൻഗണന നല്‍കുന്നതിന് പകരം ഒരു ഡോസില്‍ തന്നെ പ്രതിരോധം ഉറപ്പാക്കാനാകുമെന്നതിനാല്‍ രോഗവ്യാപന തീവ്രത കുറയ്ക്കാൻ ഒരു ഡോസ് വാക്സിനെങ്കിലും പരമാവധി പേര് എത്രയും വേഗം എടുക്കണമെന്നാണ് നിര്‍ദേശം. ഉത്പാദകരില്‍ നിന്ന് വാക്സിൻ എത്തിക്കാനാകാത്ത സാഹചര്യത്തില്‍ 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ എന്ന് തുടങ്ങുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.