ജനാധിപത്യ പ്രതികാരം.51 വെട്ടിന്റെ ഒമ്പതാണ്ട്: വടകരയില്‍ സിപിഎം തോറ്റത് ടിപിയോട്
വടകര:‘ടി.പി. ചന്ദ്രശേഖരന് ആരായിരുന്നുവെന്ന് മേയ് രണ്ടിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനു ബോധ്യപ്പെടും. കൊലപാതക രാഷ്ട്രീയത്തിനു വടകരയിലെ ജനങ്ങള്‍ മറുപടി നല്‍കും.’ – 51 വെട്ടേറ്റു മരിച്ച ടിപിയുടെ പ്രിയതമയും വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായി കെ.കെ. രമ തിരഞ്ഞെടുപ്പിനു മുമ്പ് പറഞ്ഞ വാക്കുകളാണിത്. ചന്ദ്രശേഖരന്റെ ഒമ്പതാം ചരമവാര്‍ഷികത്തിനു രണ്ടുദിവസം മുമ്പു പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലം ശരിവയ്ക്കുകയാണ് രമയുടെ വാക്കുകള്‍. ഒഞ്ചിയത്തിന്റെ മണ്ണില്‍ ടി.പി. ചന്ദ്രശേഖരന് വെട്ടിനുറുക്കപ്പെട്ടിട്ട് ഒമ്പതാണ്ട് പിന്നിടുകയാണ് ഈ മാസം നാലിന്. വോട്ട് കൊണ്ടു സിപിഎമ്മിനോടു പ്രതികാരത്തിനിറങ്ങിയ രമയ്ക്കൊപ്പം അടിയുറച്ചുനിന്നു വടകരയുടെ നീതിശാസ്ത്രം. ഏഴായിരത്തിലേറെ വോട്ടുകള്‍ക്കാണ് വടകര രമയെ ചേര്‍ത്തുപിടിച്ചത്.
മത്സരിച്ചതു ഘടകകക്ഷിയാണെങ്കിലും സ്വന്തം മണ്ഡലമെന്ന കരുതലോടെയാണ് സിപിഎം വടകരയില്‍ ഇറങ്ങിക്കളിച്ചത്. ഓരോ ചുവടിലും അടവിലും സിപിഎമ്മിന്റെ മേല്‍നോട്ടമുണ്ടായിരുന്നു. കാരണം വടകരയില്‍ തോല്ക്കുകയെന്നാല് ടി.പി. ചന്ദ്രശേഖരനോടു തോല്‍ക്കുക എന്നാണ്. അതുകൊണ്ടുതന്നെ മൂന്നു രമമാരാണ് അപരന്മാരായി വടകരയില്‍ എത്തിയത്.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന രമ വിവാഹത്തോടെ മുഖ്യധാരാ രാഷ്ട്രീയത്തില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു. 2012 മേയ് 4-ന് ഭര്‍ത്താവ് ടി.പി. ചന്ദ്രശേഖരന് കൊല്ലപ്പെട്ടത്തിനു ശേഷമാണ് രാഷ്ട്രീയത്തില്‍ സജീവമായത്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു കെ.കെ. രമ. സഹോദരി പ്രേമ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. മറ്റൊരു സഹോദരി തങ്കം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിട്ടുണ്ട്. കര്‍ഷക സംഘം നേതാവും സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന പിതാവ് മാധവന് നിസ്വാര്‍ഥ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പേരില്‍ ആദരവ് നേടിയിട്ടുള്ള വ്യക്തിയാണ്.
മലബാറില്‍ സിപിഎമ്മിന്റെ പരിഭ്രാന്തിയാണ് കെ.കെ. രമ. മൂന്നു പെണ്മക്കളേയും രാഷ്ട്രീയപ്രവര്‍ത്തകരാക്കി വളര്‍ത്തിയ കര്‍ഷക സംഘം നേതാവായ മാധവന്‍മാഷ് എന്ന പിതാവിനെയും പാര്‍ട്ടിക്കൊപ്പം ദീര്‍ഘകാലം നടന്ന വനിതാ സഖാവിന്റെ ചോദ്യങ്ങളെയും
ആത്മവിശ്വാസത്തോടെ നേരിടാന്‍ ഇന്നും പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ട്. ഒരു പതിറ്റാണ്ടോളമായിട്ടും ഈ അന്തരീക്ഷത്തിന് അയവു വന്നിട്ടില്ല. ആര്‍എംപി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം സ്ഥാനാര്‍ഥിയായാണ് കഴിഞ്ഞ തവണ വടകരയില്‍ രമ ഇടതുമുന്നണിയെ നേരിട്ടതെങ്കില്‍ ഇത്തവണ യുഡിഎഫ് പിന്തുണയോടെയായിരുന്നു മത്സരം. വടകരയുടെ രാഷ്ട്രീയ നീതിശാസ്ത്രം അനുകൂലമാകുമെന്ന ടി.പി. ചന്ദ്രശേഖരന്റെ അനുയായികളുടെ ചിന്തകളാണ് സഫലമായിരിക്കുന്നത്.
അനീതികളെ ചോദ്യം ചെയ്യുന്ന വനിതകള്‍ക്ക് ആവേശമാണ് കെ.കെ. രമ. സംസ്ഥാനത്ത് ഓരോ രാഷ്ട്രീയ കൊലപാതകം നടക്കുമ്പോഴും മലയാളിയുടെ മനസ്സിലേക്ക് എത്തുക രമയുടെ ദൈന്യ മുഖമാണ്. അതുകാണുമ്പോള്‍ കൂടുതല്‍ സങ്കടത്തിലേക്കാണ് ശരാശരി മലയാളി വീഴുന്നതും. വിദ്യാര്‍ഥിരാഷ്ട്രീയ കാലം മുതല്‍ സമരജ്വാലയായിരുന്ന ഈ വനിത കൊലയും കണക്കുതീര്‍ക്കലും നടത്തുന്ന രാഷ്ട്രീയത്തെ ചോദ്യം ചെയ്യുകയാണ്. ഓരോ രാഷ്ട്രീയ കൊലപാതകം നടക്കുമ്പോഴും രാഷ്ട്രീയം നോക്കാതെ അവിടെ എത്തുന്നതാണ് രമയുടെ രാഷ്ട്രീയം. ആ ഓരോ യാത്രയും ടി.പി. ചന്ദ്രശേഖരനെപ്പറ്റി മലയാളിയെ ഓര്‍മിപ്പിക്കുന്നു എന്നതാണ് സിപിഎമ്മിന്റെ ദുഃഖം.
സോഷ്യലിസ്റ്റുകളുടെ ശക്തികേന്ദ്രമായ വടകരയെ ഇന്നു കേരളമോര്‍ക്കുന്നത് 51 വെട്ടുകളുടെ വേദനയോടെയാണ്. ആ വടകരയില്‍ ടി.പി. ചന്ദ്രശേഖരന്റെ ആര്‍എംപിയും സോഷ്യലിസ്റ്റുകളും നേര്‍ക്കുനേര്‍ പോരിനിറങ്ങിയപ്പോള്ള് കടത്തനാടിന്റെ രാഷ്ട്രീയക്കളരിയില്‍ ഓരോ ചുവടിലും ആവേശം നിറഞ്ഞുകവിഞ്ഞു. കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ യുഡിഎഫ് പിന്തുണയോടെ പോരിനിറങ്ങുമ്പോള്‍ മറുപക്ഷത്ത് എല്‍ഡിഎഫ് മാത്രമല്ല, വടകരയുടെ തിരഞ്ഞെടുപ്പു ചരിത്രവുമുണ്ടായിരുന്നു.
1957 ലെ ആദ്യ തിരഞ്ഞെടുപ്പിലൊഴികെ സോഷ്യലിസ്റ്റുകളെ മാത്രം വിജയിപ്പിച്ച മണ്ഡലമാണ് വടകര. ജനതാ പാര്‍ട്ടി യുഡിഎഫിനൊപ്പം നിന്ന 1980 ലെ തിരഞ്ഞെടുപ്പിലൊഴികെ ഇടതുപക്ഷത്തെ മാത്രം വരിച്ച മണ്ണ്. 2009 ല്‍ പിളര്‍ന്ന് ഇരുചേരികളിലായ ജനതാദളുകള്‍ പരസ്പരം ഏറ്റുമുട്ടിയ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തോടൊപ്പമുള്ള ദളിനെ വിജയിപ്പിച്ച മണ്ഡലം.
എല്‍ഡിഎഫില്‍ മടങ്ങിയെത്തിയ ലോക്താന്ത്രിക് ജനതാദളിനു (എല്‍ജെഡി) നല്കിയ സീറ്റില്‍ ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനായിരുന്നു ഇത്തവണ സ്ഥാനാര്‍ഥി. ചരിത്രത്തില്‍ സോഷ്യലിസത്തിനാണ് മേല്‍ക്കൈയെങ്കിലും ആര്‍എംപിയുടെ രൂപീകരണത്തിനു ശേഷമുള്ള വടകരയുടെ രാഷ്ട്രീയമാണ് ഇടതുപക്ഷത്തിന്റെ ആശങ്ക.
2008 ലാണ് ഒഞ്ചിയത്തെ സിപിഎം വിമതര്‍ ആര്‍എംപി രൂപീകരിച്ചത്. സിപിഎം കോട്ടയായ ഒഞ്ചിയം പഞ്ചായത്തില്‍ പിന്നീടു നടന്ന 3 തദ്ദേശ തിരഞ്ഞെടുപ്പിലും ആര്‍എംപി ഭരണം പിടിച്ചു. വടകര ബ്ലോക്ക് പഞ്ചായത്തില്‍ രണ്ടു വട്ടം എല്‍ഡിഎഫിന് ഭരണം നഷ്ടമായി. 2011,16 നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2009,14 ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ആര്‍എംപി വടകരയില്‍ നിര്‍ണായക ശക്തിയായി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലെ പി.ജയരാജന്റെ സ്ഥാനാര്‍ഥിത്വം പുതിയൊരു കൂട്ടുകെട്ടിനു വഴിതുറന്നു. ജയരാജനെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് വോട്ടു ചെയ്യുമെന്ന് ആര്‍എംപി പ്രഖ്യാപിച്ചു. ആ കൂട്ടുകെട്ട് തദ്ദേശ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ മുന്‍കൈയെടുത്തത് അന്നു വടകരയങ്കത്തില്‍ ജയരാജനെ തോല്‍പ്പിച്ച കെ.മുരളീധരന്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് – ആര്‍എംപി സഖ്യം 3 പഞ്ചായത്തുകളില്‍ ഭരണം പിടിച്ചു. തകര്‍ന്നുവീണതില്‍ ജനതാദള്‍ കോട്ടയായ ഏറാമലയുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം ആവര്‍ത്തിക്കാന്‍ പ്രചോദനമായതും ഈ തദ്ദേശ വിജയം തന്നെ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 3 മുന്നണികള്‍ക്കുമെതിരെ മത്സരിച്ച രമ 20,504 വോട്ട് നേടി മൂന്നാം സ്ഥാനത്ത് എത്തി. എല്‍ഡിഎഫ് അന്നു വിജയിച്ചത് 9511 വോട്ടിന്. ഇക്കുറി യുഡിഎഫും ആര്‍എംപിയും ചേരുമ്പോള്‍ ഈ വ്യത്യാസം എളുപ്പത്തില്‍ മറികടക്കാമെന്നാണ് പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം ഉണ്ടായിരുന്ന എല്‍ജെഡി ഇക്കുറി എല്‍ഡിഎഫിലാണ്. അന്നു യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന മനയത്ത് ചന്ദ്രന് ഇപ്പോള്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി. അതേസമയം, സിറ്റിങ് സീറ്റ് എല്‍ജെഡിക്കു നല്‍കിയതിലുള്ള ജനതാദള്‍ എസിന്റെ പ്രതിഷേധം ശമിച്ചിട്ടില്ല. കഴിഞ്ഞ 2 തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പമായിരുന്ന എല്‍ജെഡിയെ തോല്‍പ്പിച്ചാണ് ജനതാദള്‍ എസ് സ്ഥാനാര്‍ഥി സി.കെ. നാണു വിജയിച്ചത്.
ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതും അവരെ നയിക്കുന്നതും ചന്ദ്രശേഖരന് ഹരമായിരുന്നു. ആലപ്പുഴ മുതുകുളത്ത് ഒരു സഖാവിന്റെ ഭാര്യ മരിച്ചപ്പോള്‍ ഒരു സംഘത്തെ നയിച്ചാണ് ടി.പി. ചന്ദ്രശേഖരന് വടകരയില്‍ നിന്ന് എത്തിയത്. വണ്ടികള്‍ മാറിക്കയറി മുതുകുളത്തെത്തി പാടവരമ്പത്തുകൂടി ഒരു സംഘവുമായി ചന്ദ്രശേഖരന് നടന്നുവരുന്ന കാഴ്ച കണ്ണുനിറച്ചെന്ന് ആ സഖാവ് പറഞ്ഞു. ‘ഇത്ര കഷ്ടപ്പെട്ട് വരേണ്ടിയിരുന്നില്ല, ഫോണ്‍ ചെയ്താല്‍ മതിയായിരുന്നല്ലോ’ എന്ന ചോദ്യത്തിന് പുഞ്ചിരിയായിരുന്നു മറുപടി.
കൊല്ലപ്പെടുമ്പോള്‍ ചന്ദ്രശേഖരന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്ന് കിട്ടിയത് കോട്ടയത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റാണ്. സുരേഷ് കുറുപ്പിന്റെ മകന്റെ കല്യാണത്തിനു പോകാനുള്ള ടിക്കറ്റ്. കോഴിക്കോട്ടെ മറ്റൊരു പ്രമുഖ നേതാവ് സങ്കടം കാരണം ആഴ്ചകളോളമാണ് വീട്ടില്‍നിന്ന് പുറത്തിറങ്ങാതിരുന്നത്. സിപിഎമ്മിന്റെ അണികള്‍ക്ക് ഒട്ടും ഉള്‍ക്കൊള്ളാനാവുന്നതായിരുന്നില്ല ആ സംഭവം. ടിപി വധവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പരസ്യമായി പാര്‍ട്ടിയെ ന്യായീകരിക്കുമ്പോഴും ടിപിയെ അടുത്തറിഞ്ഞിരുന്ന ഓരോ സിപിഎം പ്രവർത്തകനും ഉള്ളിൽ നീറ്റലടക്കിയിരുന്നു.
ടിപി വധത്തോടെ ദേശീയതലത്തിലും സിപിഎമ്മിന് അക്രമാസക്തിയുടെ പ്രതിച്ഛായ ലഭിച്ചത് പാർട്ടിയെ ക്ഷീണിപ്പിച്ചു. മേധ പട്കറെയും ടീസ്റ്റ സെതെല്വാദിനേയും പോലെ ഇടതുപാര്‍ട്ടികളോട് ആഭിമുഖ്യം പുലർത്തിയിരുന്ന ആക്ടിവിസ്റ്റുകള്‍ പോലും അക്കാലത്ത് രമയെ കാണാനെത്തി, അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇരുവരെയും ആ സന്ദര്‍ശനത്തില്‍നിന്ന് പിന്തിരിപ്പിക്കാന് അന്ന് സിപിഎം കേന്ദ്രനേതൃത്വം വൃഥാ ശ്രമങ്ങള്‍ നടത്തിയിരുന്നു. ജെഎന്‍യു പോലുള്ള കലാലയങ്ങളിലും ടിപി വധം ചര്‍ച്ചയായി.